സിക്സിൽ കാണികളിലൊരാളായ പെൺകുട്ടിയുടെ തലയ്ക്കടിച്ച് ലഖ്നൗ യുവതാരം ആയുഷ് ബഡോണി ; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവതാരം ആയുഷ് ബഡോണി, ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരത്തിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്‌ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കുന്നതിൽ, അവസാന ഓവറുകളിലെ ബഡോണിയുടെ ബാറ്റിംഗ് പ്രകടനം നിർണ്ണായകമായിരുന്നു.

നേരത്തെ, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ, റോബിൻ ഉത്തപ്പ (50), ശിവം ദുബെ (49), മൊയീൻ അലി (35), അമ്പാട്ടി റായിഡു (27) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 210/7 എന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തിയിരുന്നു. എൽഎസ്ജിക്ക് വേണ്ടി അവേഷ് ഖാൻ, ആൻഡ്രൂ ടൈ, രവി ബിഷ്‌നോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന്, മറുപടി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് വേണ്ടി ഓപ്പണർമാരായ കെ എൽ രാഹുലും ക്വിന്റൺ ഡി കോക്കും 11 ഓവറിൽ 99 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ 26 പന്തിൽ 40 റൺസെടുത്തപ്പോൾ ഡി കോക്ക് 45 പന്തിൽ 9 ബൗണ്ടറികളോടെ 61 റൺസെടുത്തു. എന്നാൽ, തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ 5 റൺസിലും ദീപക് ഹൂഡ 13 റൺസിലും വീണതോടെ സിഎസ്‌കെ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചു.

എന്നാൽ പിന്നീട് എവിൻ ലൂയിസും (23 പന്തിൽ 55*) ആയുഷ് ബഡോണിയും ചേർന്ന് അവസാന ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ തങ്ങളുടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.ബഡോണി 9 പന്തിൽ 2 സിക്‌സറുകൾ പറത്തി 19 റൺസുമായി പുറത്താകാതെ നിന്നു, എന്നാൽ, നിർഭാഗ്യവശാൽ ആ സിക്‌സുകളിലൊന്ന് കാണികളിലൊരാളായ ഒരു പെൺകുട്ടിയുടെ തലയിൽ തട്ടി.

ശിവം ദുബെയുടെ 19-ാം ഓവറിലെ ആദ്യ പന്തിൽ ബഡോണി സ്‌ക്വയർ ലെഗിന് മുകളിലൂടെ സ്വീപ്പ് ചെയ്ത് നേടിയ ഷോട്ടിലാണ്, പന്ത് പെൺകുട്ടിയുടെ തലയിൽ തട്ടിയത്. എന്നിരുന്നാലും, അവർക്ക് കാര്യമായ അപകടമൊന്നും സംഭവിച്ചില്ല എന്ന് തുടർന്നുള്ള ടെലിവിഷൻ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.