ഒറ്റ ഇന്നിങ്സ് ഡബിൾ റെക്കോർഡ് 😱അയ്യർ ദി സൂപ്പർ സ്റ്റാർ

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം. ഇതോടെ പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യ, ശ്രീലങ്കക്കെതിരെ വൈറ്റ് വാഷ് പരമ്പര നേട്ടം സ്വന്തമാക്കി. മാത്രമല്ല, തുടർച്ചയായ 12-ാം ടി20 വിജയം രേഖപ്പെടുത്തിയ ഇന്ത്യ, ഏറ്റവും കൂടുതൽ കൺസിക്യൂട്ടീവ് ടി20 മത്സരങ്ങൾ ജയിച്ച ടീം എന്ന നേട്ടത്തിൽ അഫ്‌ഘാനിസ്ഥാനൊപ്പമെത്തി.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ, പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ, 28 പന്തിൽ 203.57 സ്ട്രൈക്ക് റേറ്റോടെ 5 ഫോറും 2 സിക്സും സഹിതം 57 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം. രണ്ടാം ടി20യിൽ, 44 പന്തിൽ 168.18 സ്ട്രൈക്ക് റേറ്റോടെ 6 ഫോറും 4 സിക്സും സഹിതം 74 റൺസെടുത്ത ശ്രേയസ് അയ്യർ, മൂന്നാം ടി20യിൽ, 45 പന്തിൽ 162.22 സ്ട്രൈക്ക് റേറ്റോടെ 9 ഫോറും ഒരു സിക്സും സഹിതം 73 റൺസുമാണ് നേടിയത്. മൂന്ന് മത്സരങ്ങളിലും അയ്യരുടെ വിക്കറ്റ് വീഴ്ത്താൻ ശ്രീലങ്കൻ ബൗളർമാർക്കായില്ല എന്നതും ശ്രദ്ധേയമാണ്.

തുടർച്ചയായ മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി തികച്ചതോടെ, ഈ നേട്ടം കൈവരിക്കുന്ന 5-ാമത്തെ താരവും, 2-ാമത്തെ ഇന്ത്യക്കാരനുമായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യർ. മുമ്പ്, 2016-ൽ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്. ഇരുവർക്കും പുറമെ, വിൻഡീസ് ബാറ്റർ നികോളാസ് പൂരൻ, ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ, ന്യൂസിലാൻഡ് ബാറ്റർ കോളിൻ മൺറൊ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ.

കൂടാതെ, മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ 204 റൺസ് നേടിയതോടെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആയി മാറിയിരിക്കുകയാണ് ശ്രേയസ്‌ അയ്യർ. 2016-ൽ ഓസ്ട്രേലിയക്കെതിരെ വിരാട് കോഹ്‌ലി കുറിച്ച 199 റൺസ് എന്ന റെക്കോർഡാണ് അയ്യർ മറികടന്നത്.