ടെസ്റ്റ്‌ മത്സരമാണെന്ന കാര്യം ശ്രേയസ് അയ്യർ മറന്നു ; കൂറ്റൻ സിക്സ് ചെന്ന് പതിച്ചത് സ്റ്റേഡിയത്തിന് പുറത്ത്

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ശ്രീലങ്ക ഡേ / നൈറ്റ് ടെസ്റ്റിന് തുടക്കമായി. പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ ആകെ 252 റൺസിൽ ഒതുങ്ങി. ശ്രേയസ് അയ്യർ (92) ആണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്കോറർ.

ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിരയിൽ വിഹാരി (31), റിഷഭ് പന്ത് (39) എന്നിവർ അൽപ്പമെങ്കിലും പൊരുതി നിന്നെങ്കിലും, ഭാക്കിയുള്ളവർക്ക് ആർക്കും തന്നെ ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന്, ആറാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ, ബാറ്റ് ചെയ്യാൻ ഇറങ്ങിയതു മുതൽ ഒരറ്റം കൈവശം വച്ച് റൺസ് കണ്ടെത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ പതിവായി വീണുകൊണ്ടിരുന്നത് ഇന്ത്യയുടെ ഫസ്റ്റ് ഇന്നിംഗ്സ് ടോട്ടൽ 300 കടത്താൻ അനുവദിച്ചില്ല.

ഇതിനിടയിൽ, ശ്രേയസ് അയ്യർ ചില ഗംഭീര ഷോട്ടുകൾ പുറത്തെടുത്തപ്പോൾ, അത് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നിരവധി കാണികളെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സിന്റെ 48-ാം ഓവറിലെ, അവസാന പന്തിൽ ധനഞ്ജയ ഡി സിൽവയ്‌ക്കെതിരെ ട്രാക്കിലേക്ക് ഇറങ്ങിയ ശ്രേയസ് അയ്യർ പന്ത് നേരെ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലേക്ക് ഒരു കൂറ്റൻ സിക്‌സർ പറത്തി. 44 റൺസ് എടുത്ത് നിന്നിരുന്ന അയ്യർ തകർപ്പൻ സിക്സറിലൂടെ ഫിഫ്റ്റി തികച്ചത് ആരാധകരെ ആവേശത്തിലാക്കി. അയ്യർ നേടിയ സിക്സിന്റെ റിപ്ലൈ ദൃശ്യങ്ങൾ ആരാധകരുടെ മുഖത്തെ അമ്പരപ്പ് ടിവി സ്‌ക്രീനിൽ കാണിച്ചു തന്നു.

മത്സരത്തിലേക്ക് വന്നാൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 252 റൺസിന് ഓൾഔട്ടായി. തുടർന്ന്, ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 30 ഓവറിൽ 86/6 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുംറ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ്‌ ഷമി 2 ഉം അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.