ഇന്ത്യയെ പൂട്ടാൻ സർപ്രൈസ് താരത്തെ വിളിച്ചു ഓസ്ട്രേലിയ

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത പരാജയം സമ്മാനിച്ച ഞെട്ടലിൽ നിന്ന് കരകയറി, പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുന്നതിന്റെ ഭാഗമായി വലിയ തയ്യാറെടുപ്പുകൾ ആണ് ഓസ്ട്രേലിയ നടത്തുന്നത്. നാഗ്പൂരിൽ ഇന്ത്യ ഒരുക്കിയ സ്പിൻ കുഴിയിൽ ഓസ്ട്രേലിയൻ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാമത്തെ മത്സരം ഡൽഹിയിൽ ആണ് നടക്കാൻ ഇരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി പുതിയ ഒരു കളിക്കാരനെ കൂടി സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ.

ഒന്നാം ടെസ്റ്റിൽ സ്പിന്നർമാരായി സീനിയർ താരം നഥാൻ ലിയോൺ, യുവതാരം ടോഡ് മർഫി എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. വിക്കറ്റുകൾ വീഴ്ത്തുന്ന കാര്യത്തിൽ ലിയോണിന് നാഗ്പൂരിൽ മികവ് കാട്ടാൻ സാധിച്ചില്ലെങ്കിലും, 7 വിക്കറ്റുകളുമായി ടോഡ് മർഫി ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയിരുന്നു. ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരാണ് ഒന്നാം മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പുതിയൊരു സ്പിന്നറെ കൂടി ഓസ്ട്രേലിയ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഇടംകയ്യൻ സ്പിന്നർ മാറ്റ് കുന്നേമന്നിനെയാണ് ഓസ്ട്രേലിയ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം മത്സരത്തിൽ സ്ക്വാഡിൽ ഉണ്ടായിരുന്ന സ്പിന്നർ മിച്ച് സ്വെപ്സൺ വ്യക്തിപരമായ കാരണത്താൽ നാട്ടിലേക്ക് മടങ്ങിയ ഒഴുവിൽ ആണ് ഓസ്ട്രേലിയ കുന്നേമന്നിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പരിക്കേറ്റ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഓൾറൗണ്ടർ ക്യാമെറൂൺ ഗ്രീൻ രണ്ടാം മത്സരത്തിലേക്ക് തിരികെയെത്തും എന്ന് കരുതുന്നുണ്ട്.

മീഡിയം ഫാസ്റ്റ് ബൗളർ ആയ ക്യാമെറൂൺ ഗ്രീൻ ടീമിലേക്ക് തിരികെയെത്തുന്നതോടെ, കുന്നേമന്നിനെ ഉൾപ്പെടുത്തി പ്ലെയിങ് ഇലവനിൽ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാനും ഓസ്ട്രേലിയ പദ്ധതിയിടുന്നുണ്ട്. പരിക്കേറ്റ് ഒന്നാം മത്സരത്തിൽ നിന്ന് വിട്ടുനിന്ന സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കും ഡൽഹി ടെസ്റ്റിലേക്ക് തിരിച്ചെത്തിയേക്കും. അതേസമയം, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജോഷ് ഹാസിൽവുഡിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

Rate this post