ആറാം തവണയും വനിതാ ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഓസ്ട്രേലിയ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു തകർപ്പൻ വിജയമാണ് നേടിയത്. മത്സരത്തിൽ 19 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഫൈനലിൽ ഓപ്പണിങ് ബാറ്റർ ബെത്ത് മൂണിയുടെ അഴിഞ്ഞാട്ടമായിരുന്നു ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചത്. 2018ലും 2020 നും ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് ഇത് ഹാട്രിക് കിരീടം നേട്ടം കൂടിയാണ്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ മറിച്ച് ചിന്തിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തെ പൂർണമായും ശരിവയ്ക്കുന്ന തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് ഓപ്പണർ മൂണി നൽകിയത്. ഓസ്ട്രേലിയൻ ടീമിനെ തന്റെ ഒറ്റക്കൈയിൽ മുൻപിലേക്ക് നയിക്കുന്നതിൽ ബേത് മൂണി വിജയിച്ചു. മറ്റു ബാറ്റർമാർ അടിയറവ് പറഞ്ഞപ്പോഴും ഒരു വശത്ത് മൂണി തുടർന്നു. മത്സരത്തിൽ 53 പന്തുകൾ നേരിട്ട മൂണി 9 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 74 റൺസ് ആണ് നേടിയത്. ഇതോടെ ഓസ്ട്രേലിയ ഫൈനലിൽ 156 എന്ന മികച്ച സ്കോറിലെത്തുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്ര വലിയ ലക്ഷ്യം ഒരു ബാലികയറാ മല തന്നെയായിരുന്നു. റൺസ് ഉയർത്താൻ ദക്ഷിണാഫ്രിക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഓസ്ട്രേലിയൻ ബോളർമാർ അതിനു സമ്മതിച്ചില്ല. ഓപ്പണർ വോൾവാട്ട് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിൽ പിടിച്ചുനിന്നത്. വോൾവാട്ട് 48 പന്തുകളിൽ 61 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ 19 റൺസിനാണ് ഓസ്ട്രേലിയ വിജയം കണ്ടത്.
ഓസ്ട്രേലിയയെ സംബന്ധിച്ച് തങ്ങളുടെ മികച്ച പ്രകടനങ്ങൾക്കിടയിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീടം. വനിതാ ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം വിളിച്ചോതാൻ ഓസ്ട്രേലിയക്ക് ഈ ടൂർണമെന്റിലെ പ്രകടനത്തിലൂടെ സാധിച്ചിട്ടുണ്ട്. എന്തായാലും ഓസ്ട്രേലിയക്ക് അഭിനന്ദനങ്ങൾ.