കൗതുകരമായ കരിയറിന് ദുരന്തമായ വിരാമം ; പാകിസ്ഥാൻ പേസറുടെ കഥ ഇങ്ങനെ

പാകിസ്ഥാൻ പേസർ മുഹമ്മദ് ആസിഫിന്റെ കരിയർ നോക്കുമ്പോൾ, അത് കൗതുകകരവും ദുരന്തവും നിറഞ്ഞതാണ്. ബോളിംഗിൽ വലിയ വേഗതയൊന്നും ആസിഫിന് അവകാശപ്പെടാൻ ഇല്ലെങ്കിലും, ബോളിംഗിലുള്ള അദ്ദേഹത്തിന്റെ കൃത്യതയും അസാമാന്യമായ വൈദഗ്ദ്ധ്യവും ആസിഫിന്റെ കരിയറിനെ കൗതുകകരമാക്കുന്നു. എന്നാൽ, മൈതാനത്തിന് പുറത്തുള്ള വിവാദങ്ങളും കോഴ ആരോപണങ്ങളും അതേ തുടർന്നുള്ള വിലക്കുമെല്ലാം അദ്ദേഹത്തിന്റെ കരിയറിനെ ദുരന്തവുമാക്കുന്നു.

പന്ത് എയറിലും വിക്കറ്റിന് പുറത്തും സ്വിംഗ് ചെയ്യാനുള്ള കഴിവുള്ള മുഹമ്മദ് ആസിഫ്, വിവാദങ്ങൾ അദ്ദേഹത്തെ നശിപ്പിക്കുന്നതുവരെ, ലോക ക്രിക്കറ്റിലേക്ക് ഫാസ്റ്റ് ബൗളർമാരെ ഉൽപ്പാദിപ്പിക്കുന്ന പാകിസ്ഥാനിൽ നിന്ന് ഉയർന്നുവന്ന മറ്റൊരു അത്ഭുത ബൗളറായിരുന്നു. ആസിഫിന്റെ അരങ്ങേറ്റ ടെസ്റ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ ആയിരുന്നു, വിക്കറ്റുകൾ ഇല്ലാതെ അവസാനിച്ച ആ മത്സരം ആസിഫിന് അത്ര നല്ല തുടക്കാമായിരുന്നില്ല. തുടർന്ന്, ഇന്ത്യക്കെതിരായ പരമ്പരയിൽ ഉൾപ്പെട്ട ആസിഫ്, 2006-ൽ കറാച്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് ലോക ക്രിക്കറ്റിൽ തന്റെ വരവറിയിക്കുന്നത്. ഇന്ത്യൻ ടോപ് ഓർഡറിനെ നിഷ്കരുണം തകർത്ത് ഏഴു വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന് വിജയം സമ്മാനിച്ച ആസിഫ്, അന്നുമുതൽ ഒരു മാച്ച് വിന്നറായി മാറി.

ശ്രീലങ്കയ്‌ക്കെതിരായ കാൻഡിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ, ആസിഫ് തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റിലെ തന്റെ ആദ്യ 10 വിക്കറ്റും നേടി, ലങ്കയ്‌ക്കെതിരായ പരമ്പരയിൽ പാകിസ്ഥാൻ വിജയിച്ചപ്പോൾ, ആസിഫ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ടെസ്റ്റുകളിൽ നിന്നായി 17 വിക്കറ്റ് അദ്ദേഹം വീഴ്ത്തി. എന്നിരുന്നാലും, പിന്നീട് പ്രകടനം വർദ്ധിപ്പിക്കുന്നതിനായി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ആസിഫിനെയും ടീമംഗം ഷോയിബ് അക്തറിനെയും പിസിബി സസ്‌പെൻഡ് ചെയ്തു.പിസിബിയുടെ രണ്ട് വർഷത്തെ വിലക്കിനെതിരെ താരങ്ങൾ കായിക കോടതിയെ സമീപിച്ചെങ്കിലും, 2007 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് ആസിഫിനെ ഒഴിവാക്കി. തുടർന്ന്, 2007-ൽ ആസിഫിനെതിരെയുള്ള കേസ് പിൻവലിച്ചെങ്കിലും, 2008-ൽ ദുബൈ എയർപോർട്ടിൽ അനധികൃത മയക്കുമരുന്ന് കൈവശം വെച്ചെന്നാരോപിച്ച് ആസിഫ് വീണ്ടും വിവാദങ്ങൾക്ക് വിധേയനായി.

എന്നിരുന്നാലും, ചില മികച്ച പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. 2010 ലെ പാകിസ്ഥാൻ ഇംഗ്ലണ്ട് പര്യടനത്തിനിടെ, ആസിഫ് തന്റെ 20-ാം ടെസ്റ്റിൽ 100 വിക്കറ്റ് തികച്ചു.മുൻകൂട്ടി ആസൂത്രണം ചെയ്ത് ബോധപൂർവമായ നോ ബോളുകൾ എറിഞ്ഞതിന് ആസിഫിനെതിരെ സ്പോട്ട് ഫിക്സിംഗ് കുറ്റം ചുമത്തി. ആസിഫ്, സഹതാരങ്ങളായ മുഹമ്മദ് ആമിർ, സൽമാൻ ബട്ട് എന്നിവർക്കെതിരെ സ്പോട്ട് ഫിക്സിംഗ് ആരോപിക്കപ്പെടുകയും, ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ആസിഫിന് ഒരു വർഷം തടവ് ശിക്ഷയും, ഏഴ് വർഷത്തേക്ക് കായികരംഗത്ത് നിന്ന് വിലക്കുകയും ചെയ്തു. തിരിച്ചു വരവിനുള്ള എല്ലാ വഴികളും അസ്തമിച്ചതോടെ, 2013 ഓഗസ്റ്റിൽ താൻ സ്‌പോട്ട് ഫിക്‌സിംഗിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആസിഫ് സമ്മതിച്ചു.