ഏഷ്യ കപ്പ് പിന്നാലെ ലോകകപ്പ്!! സഞ്ജുവോ കിഷാനോ അതോ ശ്രേയസ് അയ്യറോ! കാണാം സാധ്യതകൾ

നിലവിൽ ടി20 ഫോർമാറ്റിൽ ക്രിക്കറ്റ്‌ ലോകത്തെ അധികായകരാണ് ടീം ഇന്ത്യ. സമീപകാലത്തായി ഒരു ടി20 പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. ഏഷ്യ കപ്പ്, ടി20 ലോകകപ്പ് എന്നീ പ്രധാന ടി20 ടൂർണമെന്റുകൾ ഈ വർഷം നടക്കാനിരിക്കെ, ടീം ഇന്ത്യയുടെ ഫോം വളരെ പ്രതീക്ഷകൾ നൽകുന്നതാണ്. എന്നാൽ, ഇപ്പോൾ സീനിയർ താരങ്ങൾ ഫോം ഔട്ടാവുകയും, യുവ താരങ്ങൾ മികച്ച ഫോമിൽ കളിക്കുകയും ചെയ്യുന്നതിനാൽ പ്രധാന ടൂർണമെന്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെയാകും ഇടം പിടിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തതയില്ല.

കളിക്കാരുടെ സീനിയോരിറ്റിയും മറ്റു മുൻഗണനകളും മാറ്റിനിർത്തി, സമീപകാലത്തെ ഫോമിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഇന്ത്യൻ ടീം തിരഞ്ഞെടുത്താൽ അതിൽ ആരൊക്കെ ഉൾപ്പെടും എന്ന് നമുക്കൊന്ന് നോക്കാം. സമീപകാല ഫോമിന്റെ അടിസ്ഥാനത്തിൽ ടീം തിരഞ്ഞെടുക്കുമ്പോൾ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരെല്ലാം ടീമിൽ നിന്ന് പുറത്തുപോകേണ്ടിവരും.

ഓപ്പണർമാരുടെ റോളിൽ, ക്യാപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും സ്ഥാനം നേടും. ഇപ്പോൾ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലാണ് സൂര്യകുമാർ യാദവിനെ ഓപ്പണറുടെ റോളിൽ ടീം ഇന്ത്യ പരീക്ഷിക്കുന്നത്. ഓപ്പണറായി സൂര്യകുമാർ യാദവ് മികച്ച രീതിയിൽ കളിച്ചത് കൊണ്ട് തന്നെ ആ പരീക്ഷണം വിജയകരമായിരുന്നു എന്ന് നമുക്ക് പറയാം. മൂന്നും നാലും സ്ഥാനങ്ങളിൽ വിക്കറ്റ് കീപ്പർമാരായ സഞ്ജു സാംസണും, ദിനേശ് കാർത്തിക്കും യഥാക്രമം കളിക്കും.

കഴിഞ്ഞ കുറച്ച് കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ, നിലവിൽ ഇന്ത്യൻ ടീമിൽ മികച്ച ഫോമിലുള്ള ഒരുപിടി ഓൾറൗണ്ടർമാർ ഉണ്ട്. അവരിൽ ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ എന്നിവർ ടീമിൽ ഇടം നേടും. ജസ്‌പ്രീത് ബുംറ, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ് എന്നിവർ ആയിരിക്കും ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റിൽ സ്ഥാനം കണ്ടെത്തുക. ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിൻ ബൗളറായി യുസ്വേന്ദ്ര ചഹൽ ടീമിൽ ഇടം നേടും.