ഏഷ്യ കപ്പ് മത്സരക്രമമായി!! ഇന്ത്യ : പാകിസ്ഥാൻ പോരാട്ടവും

ക്രിക്കറ്റ് ആരാധകർക്ക്‌ സന്തോഷം നൽകുന്ന വാർത്ത ഇപ്പൊൾ പുറത്തുവന്നിരിക്കുന്നു. വീണ്ടും ഒരു ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കാൻ പോകുന്നു. ഇത്തവണ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് 28 ന്‌ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.

ചുരുങ്ങിയത് രണ്ടു മത്സരവും കൂടിവന്നാൽ മൂന്ന് മത്സരവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കളിച്ചേക്കാം. കാരണം ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകൾ ‘സൂപ്പർ ഫോർ’ ഘട്ടത്തിൽ തമ്മിൽ തമ്മിൽ കളിക്കുന്നുണ്ട്. പിന്നീട് രണ്ട് ടീമുകൾ ഫൈനലിലേക്ക് യോഗ്യത നേടുമ്പോൾ അത് ഇന്ത്യയും പാക്കിസ്ഥാനും ആണെങ്കിൽ ടൂർണമെന്റിൽ മൂന്നാം തവണ ആയിരിക്കും ഇന്ത്യ പാക്കിസ്ഥാൻ മത്സരം.

എന്തായാലും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്നത് ഈ മത്സരങ്ങൾ തീപാറും എന്ന് ഉറപ്പിച്ചുതന്നെയാണ്. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പിൽ വെച്ചാണ് ടീമുകൾ അവസാനമായി ഏറ്റുമുട്ടിയത്. പാക്കിസ്ഥാൻ ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റെർമാർ തകർന്നടിഞ്ഞ മത്സരത്തിൽ പത്തു വിക്കറ്റിന്റെ ആധികാരിക വിജയം നേടിയിരുന്നു പാക്കിസ്ഥാൻ.

നേരത്തെ ശ്രീലങ്കയിൽ വെച്ചായിരുന്നു ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ മത്സരം നടത്താൻ സാധിക്കാതെ വന്നതോടെയാണ് യുഎഇ യില് വെച്ച് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥ്യം വഹിച്ച ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങളും യുഎഇയിൽ വെച്ചാണ് നടത്തിയത്. അന്ന് ഇന്ത്യയിലെ കൊവിഡ് കാരണമായിരുന്നു വേദി മാറ്റിയത്. ഇതാ വീണ്ടും ഒരിക്കൽ കൂടി ഇന്ത്യ പാക്കിസ്ഥാൻ മത്സരം അവിടെ വെച്ചു തന്നെ നടക്കാൻ പോകുന്നു.