ഞായറാഴ്ച്ച (മെയ് 15) നടന്ന ഐപിഎൽ ഡബിൾ ഹെഡറിലെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്, തങ്ങളുടെ പ്ലേഓഫ് പ്രവേഷനത്തിന്റെ വക്കിലെത്തി. സാങ്കേതികമായി പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാനായില്ലെങ്കിലും, പ്ലേഓഫ് സ്പോട്ട് ഏറെക്കുറെ നിലവിൽ രാജസ്ഥാൻ റോയൽസിന് സുരക്ഷിതമാണ്. 13 കളികളിൽ നിന്ന് 8 ജയം സ്വന്തമാക്കിയ റോയൽസ്, നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് രാജസ്ഥാൻ റോയൽസ്, ലഖ്നൗ സൂപ്പർ ജിയന്റ്സിനെ അടിയറവ് പറയിപ്പിച്ചത്. ബാറ്റിംഗിൽ, ഓപ്പണർ യശസ്വി ജെയ്സ്വാൾ (29 പന്തിൽ 41), ക്യാപ്റ്റൻ സഞ്ജു സാംസൺ (24 പന്തിൽ 32), ദേവ്ദത് പടിക്കൽ (18 പന്തിൽ 39) എന്നിവരും ബൗളിംഗിൽ 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ ട്രെന്റ് ബോൾട്ടും റോയൽസിന്റെ ജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

4 ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും രാജസ്ഥാൻ റോയൽസ് നിരയിൽ തിളങ്ങി. എൽഎസ്ജിയുടെ സുപ്രധാനമായ ദീപക് ഹൂഡ – ക്രുനാൾ പാണ്ഡ്യ കൂട്ടുകെട്ടിനെയാണ് ക്രുനാളിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിൻ തകർത്തത്. എൽഎസ്ജി വലിയ പ്രതീക്ഷ അർപ്പിച്ച കൂട്ടുകെട്ട് തകർത്തതിലൂടെ അശ്വിൻ ഗംഭീര ബ്രേക്ക് ത്രൂ ആണ് രാജസ്ഥാൻ റോയൽസിന് സമ്മാനിച്ചത്.
— TCM (@TCM33107996) May 15, 2022
എന്നാൽ, മത്സരത്തിനിടെ അശ്വിന്റെ ഭാഗത്ത് നിന്ന് രസകരമായ ഒരു പ്രവർത്തി കാണാൻ ഇടയായി. സാധാരണ കളിക്കാർക്ക് വേണ്ട നിർദേശങ്ങളും നിയമങ്ങളും നൽകാറുള്ള ഫീൽഡ്-അമ്പയറോട് അശ്വിൻ, തന്റെ ബൗളിംഗ് ഫോളോ അപ്പിന് തടസ്സമാകുന്നു എന്ന കാരണത്താൽ അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെടുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അശ്വിന്റെ റിക്വസ്റ്റ് അമ്പയർ അനുസരിക്കുകയും ചെയ്തു.