ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരേ ഒരു രാജാവ്….ബുദ്ധി മെയിൻ!ചാണക്യൻ അശ്വിൻ

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ, ഓസ്ട്രേലിയയെ ചുരുട്ടിക്കൂട്ടിയ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, ഒന്നാം ഇന്നിങ്സിൽ 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. തുടർന്ന്, ഒന്നാം ഇന്നിങ്സിൽ 400 റൺസ് നേടി ഇന്ത്യ സാമാന്യം മര്യാദ ലീഡ് ഉയർത്തിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ ഒന്ന് പൊരുതി നോക്കാൻ പോലും തയ്യാറാകാതെ 91 റൺസിന് ഓസ്ട്രേലിയ കൂടാരം കയറുകയായിരുന്നു.

ആർ അശ്വിൻ നയിക്കുന്ന ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഓസ്ട്രേലിയയിലേക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. അശ്വിനെ നേരിടാൻ ഓസ്ട്രേലിയൻ ബാറ്റർമാർ പ്രത്യേക പരിശീലനവും നേടിയിരുന്നു. ഇന്ത്യയിൽ പരിശീലനത്തിന് എത്തിയ ഓസ്ട്രേലിയൻ ബാറ്റർമാർ, അശ്വിന്റെ ബൗളിംഗ് ആക്ഷന് സാമ്യതയുള്ള ബറോഡയുടെ മഹേഷ്‌ പതിയെ നെറ്റ് ബോളർ ആയി ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തിയിരുന്നത്.

ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് രവീന്ദ്ര ജഡേജ ഓസ്ട്രേലിയയുടെ മുൻ നിര തകർത്തപ്പോൾ, വാലറ്റത്തെ മൂന്ന് വിക്കറ്റുകൾ ആണ് അശ്വിന് നേടാൻ സാധിച്ചത്. ഇതോടെ ഓസ്ട്രേലിയയുടെ മുൻ നിര ബാറ്റർമാർ അശ്വിനെ നേരിടുന്നതിൽ വിജയം കണ്ടെത്തി എന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ കണക്കാക്കി. എന്നാൽ, രണ്ടാം ഇന്നിങ്സിൽ മറ്റൊരു അശ്വിനെയാണ് ഓസ്ട്രേലിയ കണ്ടത്. രണ്ടാം ഇന്നിങ്സിൽ അശ്വിൻ 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ആ 5 പേരും ഓസ്ട്രേലിയയുടെ ടോപ് ഓർഡർ ബാറ്റർമാർ ആണെന്ന കാര്യം ശ്രദ്ധേയമാണ്.

ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, മാറ്റ് റെൻഷൊ, പീറ്റർ ഹാൻഡ്സ്കോമ്പ്, അലക്സ്‌ കാരെ എന്നിവരുടെ വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയത്. ഇതിൽ നാല് പേരെ എൽബിഡബ്ല്യു ആക്കിയാണ് അശ്വിൻ മടക്കിയത്. അതായത്, ഓസ്ട്രേലിയൻ ബാറ്റർമാരുടെ ഡിഫെൻഡ് ചെയ്യുന്നതിലുള്ള പോരായ്മ അശ്വിൻ വേണ്ടവിധത്തിൽ മുതലെടുത്തു എന്ന് വേണം പറയാൻ. രണ്ട് ഇന്നിങ്സുകളിലുമായി 8 വിക്കറ്റുകൾ ആണ് അശ്വിൻ വീഴ്ത്തിയത്.

5/5 - (2 votes)