പോരാടിയത് വിരാട് കോഹ്‌ലി ആണെങ്കിലും, അശ്വിന്റെ ഈ തന്ത്രമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്

അവസാന ബോൾ വരെ ആകാംക്ഷ നിറച്ച ഒരു ത്രില്ലെർ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനാണ് ഇന്നലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ മുൻതൂക്കം ഇരു ടീമുകൾക്കും മാറിമാറി ലഭിച്ച മത്സരത്തിൽ, ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന മൂന്ന് ഓവറുകൾ ആണ് ഫലം ഇന്ത്യക്ക് അനുകൂലമാക്കിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ആർ അശ്വിൻ അവസാന ബോൾ ലീവ് ചെയ്യാൻ എടുത്ത തീരുമാനമാണ് എന്ന് നിസ്സംശയം പറയാം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അപകടകാരികളായ പാക് ഓപ്പണർമാരെ അതിവേഗം മടക്കി അയച്ച് ഇന്ത്യൻ ക്യാമ്പ് ആഹ്ലാദത്തിന്റെ കൊടുമുടി കയറിയിരുന്നു. എന്നാൽ, മസൂദ് (52*), ഇഫ്തിഖർ അഹ്‌മദ്‌ (51) സഖ്യം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ, ആഹ്ലാദവും കയ്യടിയും പാക്കിസ്ഥാൻ ക്യാമ്പിലേക്ക് മാറി. പിന്നീട്, ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചപ്പോഴും, ഇന്ത്യൻ ക്യാമ്പിന് നിരാശയായിരുന്നു ഫലം.

ഒരു തലക്കൽ വിക്കറ്റുകൾ കൊഴിഞ്ഞു വീഴുമ്പോഴും, മറുതലക്കൽ പിടിച്ചുനിൽക്കുന്ന വിരാട് കോഹ്‌ലിയിൽ ആയിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ. കോഹ്ലി (82*) പാക് ബൗളർമാർക്ക് മുന്നിൽ ഒരു അടി വിട്ടുകൊടുക്കാൻ തയ്യാറാകാതെ, ഇന്ത്യയുടെ വിജയ സ്വപ്നങ്ങളിലേക്ക് മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു. ഹാർദിക് പാണ്ഡ്യയെ (40) കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ വേഗത്തിൽ കുതിപ്പിച്ചെങ്കിലും, അവസാന ഓവറിൽ വീണ്ടും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർന്നു.

ഓവറിലെ ആദ്യ ബോളിൽ തന്നെ ഹാർദിക് മടങ്ങി. അഞ്ചാം ബോളിൽ ഒരു സ്വീപ് ഷോട്ടിന് ശ്രമിച്ച ദിനേശ് കാർത്തിക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒരു ബോളിൽ രണ്ട് റൺസ് ജയിക്കാൻ. എല്ലാ കണ്ണുകളും അശ്വിനിലേക്ക്. മുഹമ്മദ്‌ നവാസ് എറിഞ്ഞ നിർണായക ബോളിന്റെ ഡയറക്ഷൻ കൃത്യമായി മനസ്സിലാക്കിയ അശ്വിൻ, ലീഗ് സൈഡിലേക്ക് വന്ന ബോൾ ലീവ് ചെയ്യാൻ തീരുമാനിച്ചു. അത് ഒരു വൈഡ് ആയി ഭവിക്കുകയും ഇന്ത്യക്ക് ഒരു റൺസ് ലഭിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും എറിഞ്ഞ അവസാന ബോളിൽ ഒരു റൺസ് നേടി അശ്വിൻ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.