അശ്വിൻ ബട്ട്‌ലർക്കൊപ്പം രാജസ്ഥാൻ ക്യാമ്പിൽ എത്തുമ്പോൾ, ഇരുവരും കൈകോർക്കുമോ അതോ കൊമ്പുകോർക്കുമോ ; വിശദീകരണവുമായി രാജസ്ഥാൻ സിഇഒ

ഐപിഎൽ 2022 മെഗാ ലേലത്തിൽ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ റോയൽസ്‌ സ്വന്തമാക്കി. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന അശ്വിനെ, 5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ തട്ടകത്തിൽ എത്തിച്ചത്. ശിഖർ ധവാനെ പഞ്ചാബ് കിങ്‌സ്‌ സ്വന്തമാക്കിയതിന് ശേഷം മാർക്യു പൂളിലെ രണ്ടാമത്തെ താരമായിരുന്നു അശ്വിൻ.

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും 34-കാരന് വേണ്ടി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടെങ്കിലും, ഒടുവിൽ ഡൽഹി പിന്മാറുകയായിരുന്നു. ഇതോടെ, ചെന്നൈ, പഞ്ചാബ്, ഡൽഹി തുടങ്ങിയ ടീമുകളിൽ കളിച്ച അശ്വിനെ ഇനി പുതിയ ഫ്രാഞ്ചൈസിയിൽ കാണാം. എന്നാൽ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്ററായ ജോസ് ബട്ട്‌ലറിനൊപ്പം അശ്വിൻ ആർആർ ക്യാമ്പിലെത്തുമ്പോൾ, ആരാധകർ അതിനെ മറ്റൊരു തരത്തിലാണ് കാണുന്നത്.

2019 ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ നായകനായിരുന്ന അശ്വിൻ, രാജസ്ഥാൻ താരമായിരുന്ന ജോസ് ബട്ട്‌ലറെ ‘മങ്കാഡിംഗ്’ വഴി പുറത്താക്കിയത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് ആരാധകരിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടാവുകയും, അശ്വിന്റെ പ്രവർത്തിയെ അനുകൂലിച്ചും എതിർത്തും ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ച ഉടലെടുത്തിരുന്നു.

ഇരുവരും ഇപ്പോൾ ഒരേ ടീമിന് വേണ്ടി കളിക്കാൻ കൈകോർക്കുമ്പോൾ, പഴയ സംഭവത്തെ ഇപ്പോഴും ഇരുവരും എങ്ങനെ കാണുന്നു എന്നതാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. എന്നാൽ, പഴയ കാര്യങ്ങളൊന്നും ഇപ്പോഴും ഇരുവരും ഓർത്തിരിക്കുന്നില്ല എന്നാണ് രാജസ്ഥാൻ സിഇഒ പറയുന്നത്. “അശ്വിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ജോസ് ബട്ട്‌ലറുമായി സംഭാഷണം നടത്തിയിരുന്നു, അദ്ദേഹം അത് നല്ല രീതിയിലാണ് എടുത്തത്,” രാജസ്ഥാൻ റോയൽസ് സിഇഒ പറഞ്ഞു.