
സഞ്ജു കൂൾ ആൻഡ് സൂപ്പർ ക്യാപ്റ്റൻ 😳പുകഴ്ത്തി രവി അശ്വിൻ
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രതിഭാശാലിയായ യുവ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിനെ ഈ സീസണിൽ മികച്ച രീതിയിൽ നയിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കുമാർ സംഗകാരയുടെ നേതൃത്വത്തിൽ സഞ്ജു സാംസൺ രാജസ്ഥാനെ പ്ലെയോഫിന്റെ വക്കിൽ വരെ എത്തിക്കുകയും ചെയ്തു. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും രാജസ്ഥാനെ ഫൈനലിലെത്തിക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. ഇപ്പോൾ സഞ്ജുവിന്റെ മൈതാനത്തെ മികവിനെ പറ്റി സംസാരിക്കുകയാണ് സഹതാരം രവിചന്ദ്രൻ അശ്വിൻ.
“ഞാൻ കണ്ടിട്ടുള്ള പല കളിക്കാരും മൈതാനത്തും മൈതാനത്തിന് പുറത്തും വ്യത്യസ്തരാണ്. എന്തെന്നാൽ മൈതാനത്ത് പ്രവേശിക്കുന്ന സമയത്ത് നമ്മൾ ഒരു മത്സരബുദ്ധിയോടെയാണ് കാര്യങ്ങളെ കാണുന്നത്. പ്രത്യേകിച്ച് നമ്മൾ ഒരു ടീമിന്റെ നായകനാണെങ്കിൽ ഒരു കാരണവശാലും നമുക്ക് പുറത്തെ സ്വഭാവവുമായി സാമ്യത പുലർത്താൻ സാധിക്കില്ല. സഞ്ജുവിന്റെ കാര്യമെടുത്താൽ മൈതാനത്തിന് പുറത്ത് സഞ്ജു വളരെ ശാന്തനും രസകരമായ കാര്യങ്ങൾ ചെയ്യുന്നതുമായ വ്യക്തിയാണ്. അത് എല്ലാവർക്കും മനസ്സിലായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മൈതാനത്ത് സഞ്ജു കഠിനമായി മത്സരത്തെ നിയന്ത്രിക്കുമെങ്കിലും, അതിന് പുറത്ത് അയാൾ സരസനാണ്. അതുപോലെതന്നെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ പൂർണ്ണമായും സംസാരിക്കാൻ സഞ്ജുവിന് സാധിക്കും.”- അശ്വിൻ പറയുന്നു.
“മൈതാനത്തിന് പുറത്ത് പലതരം രസകരമായ സംഭവങ്ങളിൽ ഞങ്ങൾ പങ്കുചേർന്നിട്ടുണ്ട്. മൈതാനത്തിന് പുറത്ത് എപ്പോൾ കണ്ടാലും ഞാനും സഞ്ജുവും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടാറുണ്ട്. മൈതാനത്തുള്ള സമയത്ത് ഞാൻ എന്റേതായ രീതിയിലുള്ള നിർദ്ദേശങ്ങളും സഞ്ജുവിന് നൽകുന്നു. മത്സരം ഏതുതരത്തിലാണ് പുരോഗമിക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും, എന്റെ നിർദ്ദേശങ്ങൾ ഞാൻ സഞ്ജുവുമായി പങ്കു വയ്ക്കാറുണ്ട്. എന്നിരുന്നാലും ഞങ്ങൾ തമ്മിൽ പുറത്തുള്ള ബന്ധം മത്സരങ്ങളിൽ ഞങ്ങൾ പുലർത്താറില്ല. മൈതാനത്തിന് പുറത്ത് ഞങ്ങൾ ഒരു ജേഷ്ഠൻ-അനുജൻ ബന്ധം തന്നെയാണുള്ളത്. എന്നാൽ മൈതാനത്ത് പ്രൊഫഷണൽ കളിക്കാരെ പോലെ തന്നെ ഞങ്ങൾ ഓരോ വ്യക്തികളായി നിൽക്കുന്നു. ഞാൻ, അവൻ ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യാൻ ശ്രമിക്കുന്നു. അവൻ എന്റെ നിർദ്ദേശങ്ങൾ പലപ്പോഴും സ്വീകരിക്കുകയും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഒരു യുവ ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്”- അശ്വിൻ കൂട്ടിച്ചേർത്തു.
ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗൽ 12 മത്സരങ്ങളാണ് രാജസ്ഥാൻ കളിച്ചിട്ടുള്ളത്. ഇതിൽ 6 മത്സരങ്ങളിൽ വിജയം കണ്ടപ്പോൾ 6 മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. നിലവിൽ 12 പോയിന്റുകളുമായി രാജസ്ഥാൻ പോയ്ന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. വരും മത്സരങ്ങളിൽ വലിയ വിജയം കണ്ടാൽ മാത്രമേ രാജസ്ഥാന് പോയിന്റ്സ് ടേബിളിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ സാധിക്കൂ.