ഇത് സഞ്ജു സാംസൺ 2.0 ആണ്!! വാനോളം പുകഴ്ത്തി അശ്വിൻ

ഇന്ത്യൻ ടീമിൽ ഈ അടുത്ത കാലത്ത് മികച്ച പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു വി സാംസണെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സഞ്ജു നായകനായ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിൽ സഹതാരമാണ് അശ്വിൻ. ഈ മാസം അവസാനം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനായി അശ്വിൻ അടക്കമുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്.

തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സഞ്ജുവിനെ മികച്ച താരമായി അദ്ദേഹം വിലയിരുത്തുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ സഞ്ജു പുറത്താകാതെ 86* റൺസ് നേടി തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി എങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റ് താരങ്ങൾ പരാജയപ്പെട്ട മത്സരത്തിൽ അവസാന പന്ത് വരെ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയ സഞ്ജുവിന്റെ ഇന്നിങ്സിനെ അശ്വിൻ പ്രശംസകൊണ്ട് മൂടി.

ഇത് സഞ്ജു സാംസൺ 2.0 വേർഷൻ ആണെന്ന് അശ്വിൻ വ്യക്തമാക്കി. ബാറ്റിങ്ങിൽ മുൻപത്തെതിനേക്കാൾ പക്വതയും ഇന്നിങ്സ് സ്കോറുകളിൽ സ്ഥിരതയും ഇപ്പോൾ സഞ്ജു കൈവരിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന് മികച്ച ആത്മവിശ്വാസം നൽകിയിരിക്കുന്നു. സഞ്ജു ഒരു മികച്ച താരം മാത്രമല്ല, ഒരു നല്ല വ്യക്തിത്വത്തിന്റെയും ഉടമയാണ്. എപ്പോഴും വളരെ കൂളായി കാണപ്പെടുന്ന അദ്ദേഹം അതേ ശൈലി തന്റെ കളിയിലും കൊണ്ടുവന്നിരിക്കുന്നു.

ഇനി ഇവിടുന്ന് അങ്ങോട്ട് ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് ഉയർച്ച മാത്രമേ ഉണ്ടാകാൻ പോകുന്നുള്ളൂവെന്നും അശ്വിൻ വ്യക്തമാക്കി. മുൻപ് സ്ഥിരത ഇല്ലാത്ത കളികളിലൂടെ ടീമിന് പുറത്തായ സഞ്ജു ഇപ്പോഴുള്ള മടങ്ങിവരവിൽ പുതിയൊരു വ്യക്തിയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ച ഓരോ ചെറിയ അവസരങ്ങളും ഇപ്പോൾ സഞ്ജു നന്നായി മുതലാക്കാൻ ശ്രമിക്കുന്നു എന്നും അശ്വിൻ പറഞ്ഞു.