“വിരമിക്കുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല” ആ നിമിഷത്തെ കുറിച്ച് അശ്വിൻ പറയുന്നു

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയപ്പോൾ, വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനം എത്രത്തോളം ശ്രദ്ധ നേടിയോ അത്രത്തോളം ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്ത ഒന്നാണ്, ഇന്നിംഗ്സിന്റെ അവസാന ഓവറിൽ പാക് സ്പിന്നർ മുഹമ്മദ്‌ നവാസിന്റെ ബോൾ വൈഡാണെന്ന് മനസ്സിലാക്കി ആർ അശ്വിൻ ലീവ് ചെയ്ത തീരുമാനം. എന്നാൽ, അശ്വിൻ ലീവ് ചെയ്ത ബോൾ ഒരുപക്ഷേ ടേൺ ചെയ്ത് അശ്വിന്റെ പാഡിൽ തട്ടിയിരുന്നെങ്കിൽ ഉണ്ടായേക്കാവുന്ന അവസ്ഥയെ പറ്റിയും പലരും ചിന്തിക്കുകയുണ്ടായി.

ഒരു ബോളിൽ രണ്ട് റൺസ് വിജയിക്കാൻ വേണമെന്നിരിക്കുകയാണ്, അശ്വിൻ ഉചിതമായ തീരുമാനത്തിലൂടെ ബോൾ നഷ്ടമാകാതെ ഒരു റൺ നേടിയത്. തുടർന്നുള്ള ബോളിൽ ഒരു റൺ കൂടി നേടി അശ്വിൻ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയുടെ പ്രകടനവും, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും പ്രാർത്ഥനയും എല്ലാം ഒരുനിമിഷം കൊണ്ട് ഒന്നുമല്ലാതെ പോയേക്കാവുന്ന മുൾ മുനയിൽ നിന്ന ആ നിമിഷത്തെക്കുറിച്ച് അശ്വിൻ ഇപ്പോൾ രസകരമായി ഓർക്കുന്നു.

ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോയിൽ, ആ ലീവ് ചെയ്ത ബോൾ ഒരുപക്ഷേ താങ്കളുടെ പേഡിൽ തട്ടിയിരുന്നെങ്കിൽ ഉണ്ടായേക്കാവുന്ന അവസ്ഥ എന്തായിരിക്കും എന്ന ചോദ്യത്തിന് അശ്വിൻ രസകരമായ രീതിയിൽ മറുപടി നൽകി. “മുഹമ്മദ്‌ നവാസിന്റെ ബോൾ കുത്തിത്തിരിഞ്ഞ് നിങ്ങളുടെ പാഡിൽ തന്നെ തട്ടിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ഈ ചോദ്യം ഞാനിപ്പോൾ പലപ്പോഴായി നേരിടുന്നു,” അശ്വിൻ പറയുന്നു.

“നേരെ ഞാൻ അവനിലേക്ക് ഓടിപ്പോകും, എന്റെ ട്വിറ്റർ ഓപ്പൺ ചെയ്യും. ‘നിങ്ങൾ എന്റെ കരിയറിൽ സമ്മാനിച്ച എല്ലാ നല്ല നിമിഷങ്ങൾക്കും ഞാൻ നന്ദി പറയുന്നു’ ഇങ്ങനെ കുറിക്കുമായിരുന്നു,” അശ്വിൻ പറഞ്ഞു. ഒരുപക്ഷേ തന്റെ തീരുമാനം തെറ്റി, പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുന്ന ഘട്ടം വന്നിരുന്നെങ്കിൽ, താൻ വിരമിക്കുകയല്ലാതെ മറ്റൊരു പ്രതികരണവും തന്നിൽ നിന്ന് ഉണ്ടാകാൻ വഴിയില്ലായിരുന്നു എന്നാണ് അശ്വിൻ പറഞ്ഞ വാചകങ്ങളുടെ പൊരുൾ.