ഒരൊറ്റ ഓവറിൽ ഡബിൾ പ്ര ഹരം…സ്മിത്തിന്റെ കിളി പറത്തി അശ്വിൻ ബോൾ!! വീഡിയോ

ഒന്നാം ടെസ്റ്റിന് സമാനമായ രീതിയിൽ രണ്ടാം ടെസ്റ്റിലും അശ്വിന്റെ സംഹാരം. ആദ്യ ടെസ്റ്റിൽ നിന്ന് വിപരീതമായ രീതിയിൽ അതി സൂക്ഷ്മതയോടെ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ അശ്വിൻ വീണ്ടും കറക്കി വീഴ്ത്തി. മത്സരത്തിൽ ശക്തമായ നിലയിൽ നിന്ന ഓസ്ട്രേലിയയെ ഓരോവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയാണ് അശ്വിൻ സമ്മർദ്ദത്തിലാക്കിയത്. ഇന്ത്യയുടെ 23ആം ഓവറിലാണ് ലബുഷാനെയെയും സ്റ്റീവ് സ്മിത്തിനെയും അശ്വിൻ മടക്കിയത്.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഇരുപത്തിമൂന്നാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്ത് അശ്വിൻ ലബുഷാനെയുടെ ലെഗ് സ്റ്റമ്പ് ലക്ഷ്യം വെച്ച് എറിഞ്ഞു. ലബുഷാനെയുടെ ശരീരത്തിലേക്ക് തിരിഞ്ഞു വന്ന പന്ത്, പാഡിൽ കൊണ്ടു. അമ്പയർ അത് ഔട്ട്‌ വിളിക്കാൻ തയ്യാറായില്ല. ശേഷം രോഹിത് ശർമയുമായി അശ്വിൻ ആലോചിക്കുകയും തീരുമാനം റിവ്യൂവിന് വിടുകയും ചെയ്തു. കൃത്യമായി പന്ത് സ്റ്റമ്പിൽ കൊള്ളുമെന്ന് റിവ്യൂവിൽ തെളിയുകയായിരുന്നു. അങ്ങനെ 18 റൺസെടുത്ത ലബുഷാനെയ്ക്ക് കൂടാരം കയറേണ്ടിവന്നു.

ആ ഞെട്ടിൽ നിന്ന് ഓസ്ട്രേലിയ കരകയറുന്നതിനു മുൻപ് തന്നെ അവരുടെ സ്റ്റാർ ബാറ്ററായ സ്റ്റീവ് സ്മിത്തിനെയും അശ്വിൻ കൂടാരം കയറ്റി. അശ്വിന്റെ പ്രധാന അസ്ത്രമായ സ്ലൈഡർ പന്തായിരുന്നു സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്. ടേണിംഗ് ബോളിനായി സ്റ്റീവ് സ്മിത്ത് ബാറ്റ് വച്ചെങ്കിലും, സ്ലൈഡർ കൃത്യമായി ബാറ്റിന്റെ എഡ്ജിൽ കൊണ്ട് കീപ്പർ ഭരതിന്റെ കൈകളിൽ എത്തുകയായിരുന്നു. വളരെ മികച്ച ഒരു ക്യാച്ച് തന്നെയായിരുന്നു ഭരത് നേടിയത്. ഇതോടെ സ്മിത്ത് പൂജ്യനായി മടങ്ങി.

ഇങ്ങനെ 91 നു 1 എന്ന നിലയിൽ നിന്ന ഓസ്ട്രേലിയയെ 91ന് 3 എന്ന നിലയിലേക്ക് എത്തിക്കാൻ അശ്വിന് സാധിച്ചു. ആദ്യദിനം തന്നെ ഡൽഹി പിച്ചിൽ സ്പിന്നിന് സഹായം ലഭിക്കുന്നതാണ് കാണാൻ സാധിച്ചത്. എന്തായാലും 250 നു മുകളിൽ ഒരു സ്കോറിൽ എത്തുക എന്നത് തന്നെയാണ് ഓസ്ട്രേലിയയുടെ നിലവിലെ ലക്ഷ്യം.

Rate this post