ഇന്ത്യക്ക് ബംബർ!!സൂപ്പർ താരം ഇംഗ്ലണ്ടിൽ എത്തി : അവസാന ടെസ്റ്റിൽ കളിക്കും

കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഒരു സന്തോഷ വാർത്ത. കഴിഞ്ഞ ആഴ്ച ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തിയ കോവിഡ് -19 പരിശോധനയിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിന്, ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ ആയിരുന്നില്ല.

ഇതോടെ, താരം ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ, ഇപ്പോൾ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന ലെസിസ്റ്റർഷെയറിനെതിരായ പരിശീലന മത്സരം നടക്കുന്ന വേദിയിൽ അശ്വിൻ എത്തിയിരിക്കുകയാണ്. കോവിഡ് ഫലം നെഗറ്റീവ് ആയതിനുപിന്നാലെ അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന വിവരം ബിസിസിഐ തന്നെയാണ് പങ്കുവെച്ചത്. എന്നിരുന്നാലും പരിശീലന മത്സരത്തിൽ അശ്വിൻ കളിക്കുന്നില്ല.

നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളിലും അശ്വിൻ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ, അവശേഷിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ അശ്വിൻ കളിക്കാനുള്ള സാധ്യതയുണ്ട്. നാല് പേസർമാർക്ക് പകരം മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും കളിപ്പിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും തീരുമാനിച്ചാൽ തീർച്ചയായും അശ്വിൻ പ്ലെയിങ് ഇലവനിൽ ഉണ്ടാകും.

ഇന്ത്യൻ സ്‌ക്വാഡ് : രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (WK), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് , ശ്രീകർ ഭരത് (wk).