അശ്വിന്റെ ‘ഫുട്ബോൾ ടച്ച്‌’ വൈറൽ ; വീഡിയോ കാണാം

ടി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, ടീമിന്റെ പ്രകടനത്തെ കുറിച്ചുള്ള കൂടുതൽ വിശകലനങ്ങൾ ദൃശ്യമാവുകയാണ്. രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് മികച്ച പ്രകടനം നടത്തിയതായി കാണാൻ സാധിക്കുന്നു. ആദ്യ മത്സരത്തിൽ, ടി20 ഫോർമാറ്റിലെ വമ്പൻമാരായ പാക്കിസ്ഥാനെ 159 റൺസിൽ ഒതുക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ കരുത്താണ്.

തുടർന്ന്, കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലും ഇന്ത്യൻ ബൗളർമാർ മികവ് പുലർത്തി. ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ നെതർലൻഡ്സിനെ 123 റൺസിനാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞ് ഒതുക്കിയത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലി ഒഴികെയുള്ള ബാറ്റർമാർ ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം മത്സരത്തിൽ ബാറ്റിംഗ് നിര മികവ് കാട്ടിയത് ആശ്വാസം നൽകുന്നുണ്ട്.

രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി തിളങ്ങി നിൽക്കുമ്പോൾ, നെതർലൻഡ്സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരും ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചന നൽകി. ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാർട്ട്മെന്റുകൾക്ക് പുറമെ, ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

നെതർലൻഡ്സിനെതിരായ മത്സരത്തിൽ, അശ്വിൻ നടത്തിയ ഫീൽഡിങ് പ്രകടനം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. അശ്വിൻ തന്നെ എറിഞ്ഞ ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ, നെതർലൻഡ്സ്‌ ബാറ്റർ ടിം പ്രിംഗിൾ എടുത്ത ഷോട്ട്, അശ്വിൻ തന്റെ കാൽ കൊണ്ട് ഒരു ‘ഫുട്ബോൾ ടച്ച്’ ലൂടെ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത്തിന് ബോൾ കൈമാറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.