വിളച്ചിലെടുക്കരുത് മില്ലറെ, നിയമം മാറി ; മില്ലർക്ക് മുന്നറിയിപ്പ് നൽകി അശ്വിൻ

ടി20 ലോകകപ്പിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. പെർത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ വിജയം നേടിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമേ എടുത്തുള്ളു. മത്സരത്തിൽ സൂര്യകുമാർ യാദവ് (68) അർദ്ധ സെഞ്ച്വറി നേടിയെങ്കിലും മറ്റാർക്കും തിളങ്ങാനാവാത്തത്, ഇന്ത്യൻ ടോട്ടൽ പരിമിതപ്പെടുത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, തുടക്കത്തിൽ വിക്കറ്റ് നഷ്ടം തിരിച്ചടിയായെങ്കിലും, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ എന്നിവർ നാലാം വിക്കറ്റിൽ സൃഷ്ടിച്ച മികച്ച കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഐഡൻ മാർക്രം 52 റൺസ് നേടി പുറത്തായപ്പോൾ, 59* റൺസുമായി ഡേവിഡ് മില്ലർ പുറത്താകാതെ ക്രീസിൽ തന്നെ തുടർന്നു. എന്നാൽ, ഇന്നിംഗ്സിന്റെ 18-ാം ഓവറിൽ മില്ലെറെ പുറത്താക്കാൻ സ്പിന്നർ അശ്വിന് ഒരു അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് പ്രയോജനപ്പെടുത്തിയില്ല.

അശ്വിൻ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് ബോളുകളും മില്ലെർ സിക്സ് പറത്തിയിരുന്നു. ശേഷം അൽപ്പം വേഗത കൂട്ടി അശ്വിൻ എറിഞ്ഞ മൂന്നാമത്തെ ബോൾ ലെഗ് ബൈ ആയി മില്ലെർ ഒരു റൺ ഓടിയെടുത്തു. തുടർന്ന്, നാലാം ബോളിൽ സ്റ്റബ്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ പുറത്താക്കി. ശേഷം, ഓവറിലെ അവസാന ബോളിൽ ആണ് അശ്വിന് മില്ലെറെ പുറത്താക്കാൻ അവസരം ലഭിച്ചത്.

അവസാന ബോൾ എറിയാൻ എത്തിയ അശ്വിൻ, ബൗളിംഗ് ആക്ഷൻ നിർത്തുകയും, നോൺ-സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന മില്ലെർ ക്രീസിൽ തന്നെ ഇല്ലേ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. നേരത്തെ അശ്വിൻ മങ്കാഡിങ് വഴി വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാൽ, അശ്വിൻ ബൗളിൽ ആക്ഷൻ നിർത്തിയ ഉടനെ തന്നെ മില്ലെർ ക്രീസിലേക്ക് തിരികെ കയറി. ഒക്ടോബർ 1 മുതൽ ഇത്തരത്തിലുള്ള വിക്കറ്റുകൾ റൺഔട്ട്‌ ഗണത്തിൽ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു.