
സഞ്ജു പറഞ്ഞുവിട്ടു പുത്തൻ ഫിനിഷറായി അശ്വിൻ : മാൻ ഓഫ് ദി മാച്ച് അശ്വിൻ
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ഓൾറൗണ്ട് മികവിലൂടെ റോയൽസിനെ ജയത്തിലേക്ക് നയിച്ചത് വെറ്റെറൻ ഓൾറൗണ്ടർ ആർ അശ്വിനാണ്. ബോളുകൊണ്ടും ബാറ്റ് കൊണ്ടും ഗംഭീര പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വെറ്റെറൻ ഓൾറൗണ്ടർ തന്നെയാണ് കളിയിലെ താരവും.
നേരത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിംഗ്സിന്, ആദ്യ ഓവറിൽ തന്നെ ഓപ്പൺ ഋതുരാജ് ഗെയ്ക്വാദിനെ (2) നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. എന്നിരുന്നാലും, ന്യൂസിലാൻഡ് ഓപ്പണർ ഡെവോൺ കോൺവെയും (16), ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലിയും (93) ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തത് സിഎസ്കെക്ക് വലിയ ആശ്വാവസമായി. ഒടുവിൽ, ഡെവോൺ കോൺവയെ വിക്കറ്റിന് മുന്നിൽ കുടുക്കി, ആ കൂട്ടുകെട്ട് തകർത്ത് രാജസ്ഥാൻ റോയൽസിന് ബ്രേക്ക് സമ്മാനിച്ചത് അശ്വിനാണ്.

4 ഓവറിൽ 28 റൺസ് വഴങ്ങിയ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിരയിൽ, ഓപ്പണർ യശാവി ജയിസ്വാൾ (59) ഒഴികെ മറ്റു ടോപ് ഓർഡർ ബാറ്റർമാരെല്ലാം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, അഞ്ചാമനായി ക്രീസിലെത്തിയ അശ്വിനാണ് അവസരോചിതമായി ബാറ്റ് വീശി ടീമിനെ ജയത്തിലേക്ക് നയിച്ചത്.
23 പന്തിൽ 2 ഫോറും 3 സിക്സും സഹിതം 173.91 സ്ട്രൈക്ക് റേറ്റോടെ 40 റൺസ് അശ്വിൻ പുറത്താകാതെ നിന്നപ്പോൾ, ഇന്നിംഗ്സിൽ 2 പന്ത് ശേഷിക്കേ റോയൽസ് വിജയലക്ഷ്യം മറികടന്നു. അവസാന ഓവറിൽ റോയൽസിന് ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, ഓവറിലെ രണ്ടാം ബോളിൽ പതിരനക്കെതിരെ ബൗണ്ടറി കണ്ടെത്തിയ ശേഷം അശ്വിൻ നടത്തിയ ആഘോഷ പ്രകടനവും, അത് കണ്ട് കൂളായി അശ്വിനിൽ പൂർണ്ണ കോൺഫിഡൻസുമായി സ്റ്റാൻഡിൽ ഇരുന്നിരുന്ന ക്യാപ്റ്റൻ സഞ്ജുവിന്റെ ദൃശ്യങ്ങളും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.