ബംഗ്ലാദേശ് സച്ചിനെന്ന് ക്രിക്കറ്റ്‌ ലോകം കരുതി : പ്രതീക്ഷകൾ നശിപ്പിച്ച കരിയർ

എഴുത്ത് :പ്രണവ് തെക്കേടത്ത്;എന്തോ ചില താരങ്ങൾ ക്രീസിലേക്കിറങ്ങുമ്പോൾ ഒരുപാട് റൻസുകൾ വാരികൂട്ടണമെന്ന് അന്നും ഇന്നും മനസ്സാഗ്രഹിക്കാറുണ്ട്, അങ്ങനെയൊരു ഇഷ്ടമായിരുന്നു അഷ്റഫുളിനോട്, ആ കളിക്കളത്തിലേക്ക് അയാൾ ഇറങ്ങുന്ന ഓരോ നിമിഷവും ഒരുപാട് നേരം അയാളെ കാണാഗ്രഹിച്ചൊരു മനസ്സുണ്ടായിരുന്നു.

ഇന്ന് ബംഗ്ലാദേശ് ജനതക്ക് ആഘോഷമാക്കാൻ ഒരുപാട് മുഖങ്ങളുണ്ടെങ്കിലും ആ കാലത്തു ഇയാളായിരുന്നു അവർക്കെല്ലാം.ബംഗ്ലാദേശിന്റെ ഡിസിൽവയെന്നും അവരുടെ സച്ചിനെന്നും അയാൾ അറിയപ്പെട്ടിരുന്ന ആ ദിനങ്ങളിൽ തന്റെ ബാറ്റിംഗ് മികവിലൂടെ അവരുടെ ഓരോ അഭിസംബോദനകളും അയാൾ ശെരി വച്ചിരുന്നു അരങ്ങേറ്റ ടെസ്റ്റിൽ സ്വന്തമാക്കിയ ശതകവും, 2004ൽ ഇന്ത്യക്കെതിരെ ആ കാലത്തെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോറുമൊക്കെ സ്വന്തമാക്കി ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ ലിസ്റ്റിലേക്കുള്ള യാത്രയിലായിരുന്നു അയാൾ.

ലോകവും ആ കുറിയ മനുഷ്യനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു ആർക്കും പെട്ടെന്ന് തോല്പിക്കാനാവുന്ന ഒരു ടീമെന്ന ലേബലിൽ നിന്നും അയാളെ പുറത്താക്കാനുള്ള വഴി ആലോചിക്കാൻ എതിർ ടീമും ചെറുതായി തലപുകച്ചു തുടങ്ങിയിരുന്നു, ലങ്കയിലെ കുത്തി തിരിയുന്ന പ്രബലത്തിൽ നേടിയ ശതകങ്ങളും, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി വിസ്ഡൺ തിരഞ്ഞെടുത്ത, ആ കങ്കാരുക്കളെ തോൽപിച്ച മത്സരത്തിലും അയാൾ ബാറ്റുകൊണ്ട് തിളങ്ങിയത് ചില സൂചനയായിരുന്നു ലോകത്തിലെ ഏതൊരു ബോളിങ് നിരക്കെതിരെയും ശബ്ദിക്കാൻ എന്റെ ബാറ്റിനറിയാം എന്ന സൂചന.

പക്ഷെ തുടക്കത്തിലേ ആ പ്രതീക്ഷകൾ പതിയെ അസ്തമിക്കുകയായിരുന്നു 2008-9 വർഷങ്ങൾക്ക് ശേഷം അയാൾ പതിയെ മാഞ്ഞു പോവുകയായിരുന്നു, പിന്നീട് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളിച്ചതിന് വിലക്കു ലഭിച്ചതൊക്കെ അയാളെ ഒരിക്കൽ ഇഷ്ടപെട്ടവർക്ക് അയാളെ വെറുക്കാവുന്ന കാരണങ്ങളുമായി മാറി,കഴിഞ്ഞ വർഷമോ മറ്റോ വിലക്കവസാനിച്ചെങ്കിലും ഇനിയൊരു തിരിച്ചു വരവയാൾക്കില്ല, ഒരുപക്ഷെ തന്റെ പ്രതിഭയോട് നീതി പുലര്ത്തി കഠിനാധ്വാനം ചെയ്യാൻ അയാൾ തയ്യാറായിരുന്നെങ്കിൽ തങ്ക ലിപികളാൽ എഴുതി ചേർക്കേണ്ട നാമമായി മാറുമായിരുന്നു മൊഹമ്മദ് അഷ്റഫുൾ എന്നത്