പേര് ബംഗ്ലാദേശ് സച്ചിൻ 😱😱 പതിനേഴാം വയസ്സിൽ സെഞ്ച്വറി |Vollelive |Cricket Records
ബംഗ്ലാദേശ് ക്രിക്കറ്റ് ഛത്രത്തിൽ മുഹമ്മദ് അഷ്റഫുളിന്റെ പേര് എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ക്രിക്കറ്റ് ലോകത്ത് എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. 2000-ത്തിന്റെ തുടക്കത്തിൽ പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ബംഗ്ലാദേശ് ടീമിനെ, ഇന്നു കാണുന്ന ടീം ആക്കിയെടുക്കുന്നതിൽ അഷ്റഫുളിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ, പിൽക്കാലത്ത് ഒത്തുകളിയിൽ തന്റെ പങ്കാളിത്തം പരസ്യമായി സമ്മതിച്ച അഷ്റഫുളിനെ, ഒരു വിഭാഗം ബംഗ്ലാദേശ് ആരാധകർ വഞ്ചകനായി മുദ്രകുത്തിയതിൽ യാതൊരു എതിരഭിപ്രായം പറയാനും നമുക്ക് കഴിയില്ല.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ, തന്റെ 17-ാം വയസ്സിൽ ശ്രീലങ്കക്കെതിരെ സെഞ്ച്വറി തികച്ച അഷ്റഫുളിന്റെ പേരിലാണ്, ഇന്നും ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനായ ബംഗ്ലാദേശ് ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഉള്ളത്. തുടർന്ന്, 2004 ൽ ഇന്ത്യക്കെതിരെ പുറത്താകാതെ നേടിയ 158 റൺസും, 2005 ൽ കാർഡിഫിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ഗംഭീര സെഞ്ച്വറിയുമെല്ലാം ഇന്നും ബംഗ്ലാദേശ് ആരാധകാരെ കോരിത്തരിപ്പിക്കും. എന്നിരുന്നാലും, ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ അഷ്റഫുളിന്റെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. മോശം ഫോം മൂലം അഷ്റഫുൾ നിരവധി തവണ ടീമിന് പിറത്തിരുന്നിട്ടുമുണ്ട്.
എന്നാൽ, ബാറ്റിംഗിലും വേണ്ടി വന്നാൽ ബോളിംഗിലും ടീമിന് നിർണ്ണായക സംഭാവനകൾ ചെയ്യാൻ കെൽപ്പുള്ള അഷ്റഫുളിനെ, ബംഗ്ലാദേശ് ഒരിക്കലും നീണ്ട കാലത്തേക്ക് പുറത്തിരുത്തിയിരുന്നില്ല. മാത്രമല്ല, എല്ലായ്പ്പോഴും തിരിച്ചുവരവുകൾ ഗംഭീരമാക്കാറുള്ള അഷ്റഫുൾ നീണ്ട 13 വർഷക്കാലം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും കളിച്ചു. അതിനിടെ, 2007-09 കാലയളവിൽ എല്ലാ ഫോർമാറ്റുകളിലും ബംഗ്ലാദേശ് ടീമിന്റെ നായകനായി അഷ്റഫുൾ സേവനമനുഷ്ഠിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആദ്യമായി ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാക്കളാകുന്നത് അഷ്റഫുളിന്റെ കീഴിലാണ്. എന്നാൽ, നായകനായ 13 ടെസ്റ്റ് മത്സരങ്ങളിൽ 12-ഉം, 38 ഏകദിന മത്സരങ്ങളിൽ 30-ഉം, 11 ടി20-യിൽ 9-ഉം മത്സരങ്ങൾ പരാജയപ്പെട്ടതോടെ അഷ്റഫുൾ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഒടുവിൽ, 2013-ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ നടന്ന ഒത്തുകളി വിവാദത്തിൽ അകപ്പെട്ടതോടെ, അഷ്റഫുളിന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിരാമമായി. എന്നിരുന്നാലും, ഇന്നും ബംഗ്ലാദേശിന് വേണ്ടി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും അതിവേഗം അർദ്ധസെഞ്ച്വറി നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് മുഹമ്മദ് അഷ്റഫുളിന്റെ പേരിൽ തന്നെയാണ്.