ബുംറ ഇല്ലേൽ എന്താ ഞാനുണ്ടല്ലോ!! ബുംറയുടെ റെക്കോർഡുകൾ വീഴ്ത്തി അർഷദീപ് കുതിപ്പ്

ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ ശ്രദ്ധേയ പ്രകടനം നടത്തുന്ന കളിക്കാരിൽ ഒരാളാണ് ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ്. അർഷദീപിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെതിരെ ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് യുവതാരം ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. സൂപ്പർ 12 സ്റ്റേജ് അവസാനിക്കുമ്പോൾ, 5 കളികളിൽ നിന്ന് 10 വിക്കറ്റുകൾ ആണ് അർഷദീപ് സിംഗ് വീഴ്ത്തിയിരിക്കുന്നത്.

ഈ ലോകകപ്പ് ക്യാമ്പയിനിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളറും അർഷദീപ് സിംഗ് തന്നെ. 2022 ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ നിലവിൽ 9-ാം സ്ഥാനത്താണ് അർഷദീപ് സിംഗ്. ഈ പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരവും അർഷദീപ് മാത്രമാണ്. ഏറ്റവും ഒടുവിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് ആണ് അർഷദീപ് സിംഗ് വീഴ്ത്തിയത്.

ഈ പ്രകടനത്തോടെ 23-കാരനായ അർഷദീപ് സിംഗ്, ഒരു അപൂർവ്വ റെക്കോർഡ് തന്റെ പേരിൽ ആക്കിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ വർഷത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർ ആയി മാറിയിരിക്കുകയാണ് അർഷദീപ് സിംഗ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 2022 കലണ്ടർ വർഷത്തിൽ 18 കളികളിൽ നിന്ന് 29 വിക്കറ്റുകൾ ആണ് അർഷദീപ് സിംഗ് ഇന്ത്യൻ ജേഴ്സിയിൽ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാർ പേസർ ആയ ജസ്പ്രീത് ബുംറയുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് അർഷദീപ് സിംഗ് ഇപ്പോൾ മറികടഞ്ഞിരിക്കുന്നത്. 2016-ലാണ് ബുംറ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2016 കലണ്ടർ വർഷത്തിൽ ഇന്ത്യൻ ജേഴ്സിയിൽ 28 വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ നേടിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ അർഷദീപ് സിംഗ് മറികടന്നിരിക്കുന്നത്. ലോകകപ്പ് ക്യാമ്പയിൻ അവസാനിക്കുന്നതിനു മുൻപേ അർഷദീപ് സിംഗിന് ഈ റെക്കോർഡ് ഇനിയും എക്സ്റ്റന്റ് ചെയ്യാൻ സാധിക്കും.