ലോകക്കപ്പ് മുൻപേ തീതുപ്പി അർഷദീപ്!!ഞെട്ടി ക്രിക്കറ്റ്‌ ലോകവും എതിരാളികളും

ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നേരത്തെ ഓസ്ട്രേലിയയിൽ എത്തിയ ടീം ഇന്ത്യ അവരുടെ ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയെ 13 റൺസിന് പരാജയപ്പെടുത്തി. പെർത്തിൽ നടന്ന മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തിൽ യുവ ഇന്ത്യൻ പേസർ അർഷദീപ് സിംഗ് തിളങ്ങി. അർഷദീപിനെ എന്തിന് ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തി എന്ന ചോദ്യത്തിന് ആദ്യ സന്നാഹ മത്സരത്തിൽ തന്നെ ഉത്തരം നൽകിയിരിക്കുകയാണ് 23-കാരൻ. ഓസ്ട്രേലിയൻ പിച്ചിലെ പേസിന് അനുകൂലമായ ആനുകൂല്യങ്ങൾ മുതലെടുത്ത അർഷദീപ് സിംഗ്, കളിയിൽ ആകെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 6 റൺസ് മാത്രം വഴങ്ങിയാണ് അർഷദീപ് 3 വിക്കറ്റുകൾ വീഴ്ത്തിയത്.

എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി, വെസ്റ്റേൺ ഓസ്ട്രേലിയയുടെ നടുവൊടിച്ച അർഷദീപ്, വെസ്റ്റേൺ ഓസ്ട്രേലിയയുടെ അപകടകാരിയായ ബാറ്റർ സാം ഫന്നിംഗിനെ (58) തന്റെ തൊട്ടടുത്ത ഓവറിൽ പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. ഭൂവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നിവർ മത്സരത്തിൽ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹർഷൽ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

ബാറ്റർമാരിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി സൂര്യകുമാർ യാദവ് തിളങ്ങി. 35 പന്തിൽ സൂര്യകുമാർ യാദവ് 52 റൺസ് നേടിയപ്പോൾ, ഹാർദിക് പാണ്ഡ്യ (27), ദീപക് ഹൂഡ (22), ദിനേശ് കാർത്തിക് (19*) എന്നിവരും ടീം ടോട്ടലിലേക്ക് മാന്യമായ സംഭാവന നൽകി. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് 3 റൺസ് മാത്രം എടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർ ആയി ക്രീസിൽ എത്തിയ ഋഷഭ് പന്ത് 9 പന്തിൽ 17 റൺസ് എടുത്തു.