ഇങ്ങനെയുമുണ്ടോ ഒരു വിക്കറ്റ് സെലിബ്രേഷൻ ; ടി20 ലോകകപ്പിലെ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് സെലിബ്രേഷൻ വൈറൽ

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിനുള്ള സ്ക്വാഡിൽ അർഷദീപിനെ ഉൾപ്പെടുത്തിയപ്പോൾ, അതിനെതിരെ പലരും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. അർഷദീപിന് ഓസ്ട്രേലിയയിൽ തിളങ്ങാൻ ആകില്ല എന്നുവരെ കണക്കാക്കിയവരുണ്ടായിരുന്നു. എന്നാൽ, വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് അർഷദീപ് കാഴ്ചവെക്കുന്നത്.

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ, ഹാർദിക് പാണ്ഡ്യക്കൊപ്പം ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ ആയി അർഷദീപ് മാറിയിരുന്നു. 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റുകൾ ആണ് അർഷദീപ് നേടിയത്. അതും, പാകിസ്ഥാൻ നിരയിലെ അപകടകാരികളായ ക്യാപ്റ്റൻ ബാബർ അസം, ഓപ്പണർ മുഹമ്മദ്‌ റിസ്വാൻ, ആസിഫ് അലി എന്നിവരെ ആണ് അർഷദീപ് പുറത്താക്കിയത്.

ശേഷം, കഴിഞ്ഞ ദിവസം നടന്ന നെതർലൻഡ്സിനെതിരായ മത്സരത്തിൽ 4 ഓവറിൽ 37 റൺസ് വഴങ്ങി അർഷദീപ് 2 വിക്കറ്റുകൾ വീഴ്ത്തി. ലോകൻ വാൻ ബീക്, ഫ്രഡ്‌ ക്ലാസൻ എന്നിവരുടെ വിക്കറ്റുകൾ ആണ് അർഷദീപ് വീഴ്ത്തിയത്. ഇരുവരെയും ഒരേ ഓവറിൽ തുടർച്ചയായ ബോളുകളിൽ ആണ് അർഷദീപ് സിംഗ് പുറത്താക്കിയത്. ഈ വേളയിൽ അർഷദീപ് സിംഗ് നടത്തിയ സെലിബ്രേഷൻ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. 18-ാം ഓവറിലെ 5-ാം ബോളിൽ ലോകൻ വാൻ ബീക്കിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ച അർഷദീപ്, തൊട്ടടുത്ത ബോളിൽ ഫ്രഡ്‌ ക്ലാസനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

എന്നാൽ, അർഷദീപിന്റെ അപ്പീൽ ഫീൽഡ് അമ്പയർ അനുവദിക്കാതെ വന്നതോടെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഡിആർഎസ് ആവശ്യപ്പെടുകയും പരിശോധനയിൽ ഫീൽഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും ഫീൽഡ് ചെയ്യാനായി അർഷദീപ് ബൗണ്ടറി ലൈനിന്റെ അരികിൽ എത്തിയിരുന്നു. ബിഗ് ഡിസ്പ്ലേയിൽ ഔട്ട്‌ എന്ന് കാണിച്ചതോടെ, അർഷദീപ് ബൗണ്ടറി ലൈനിന് സമീപത്ത് ഇരുന്ന് തന്റെ ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി വിക്കറ്റ് ആഘോഷിച്ചു.