അർജുൻ ടെണ്ടുൽക്കർ എന്ന പേര് മാറ്റേണ്ടി വരുമോ? സച്ചിൻ ടെൻഡുൽക്കറുടെ മകനെക്കുറിച്ച് കപിൽ ദേവ്

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ യുവ ഫാസ്റ്റ് ബൗളർ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. 22 കാരനായ താരം ഈ സീസണിൽ അരങ്ങേറ്റം കുറിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അർജുന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ സീസണിലും അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അർജുന് എന്നായിരിക്കും മുംബൈ ഇന്ത്യൻസ് ഒരു അവസരം നൽകുക എന്നതിനെ സംബന്ധിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം പല കോണുകളിൽനിന്നും ഉയർന്നിരുന്നു.

എന്നാൽ, ആളുകൾ അദ്ദേഹത്തെ വെറുതെ വിടണമെന്നും ക്രിക്കറ്റ് ആസ്വദിക്കൂ എന്നതായിരിക്കണം യുവതാരത്തിനുള്ള സന്ദേശം എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചു. സച്ചിൻ എന്ന പേരിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും എന്നാൽ അവസാനം, അർജുൻ ഇപ്പോഴും ഒരു കുട്ടി മാത്രമാണെന്ന് എല്ലാവരും ഓർക്കണമെന്നും കപിൽ ദേവ് പറഞ്ഞു.

“എന്തിനാണ് നിങ്ങൾ അവനെക്കുറിച്ച് (അർജുൻ ടെണ്ടുൽക്കർ) സംസാരിക്കുന്നത്? അവൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനായതുകൊണ്ടാണ് നിങ്ങൾ അവനെക്കുറിച്ച് സംസാരിക്കുന്നത്. അവൻ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, അവനെ സച്ചിനോട് താരതമ്യം ചെയ്യരുത്. ഡോൺ ബ്രാഡ്മാനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, അദ്ദേഹത്തിന്റെ മകൻ ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളെ നേരിടാൻ സാധിക്കാതെ വന്നതോടെ അവന്റെ പേര് മാറ്റി. ബ്രാഡ്മാൻ എന്ന കുടുംബപ്പേര് അവന്റെ പേരിൽ നിന്ന് നീക്കം ചെയ്തു,” കപിൽ ദേവ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.

“അർജുന്റെ മേൽ സമ്മർദ്ദം ചെലുത്തരുത്. അവൻ ഒരു ചെറിയ കുട്ടിയാണ്, അത് അന്യായമാണ്. സച്ചിൻ ഒരു വലിയ കളിക്കാരനായപ്പോൾ സച്ചിൻ എന്ന പേരിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എനിക്കിപ്പോഴും അർജുനോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, ഗെയിം ആസ്വദിക്കൂ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ അച്ഛനെപ്പോലെ 50 ശതമാനമെങ്കിലും ആവാൻ കഴിഞ്ഞാൽ അതിലും മെച്ചമൊന്നുമില്ല. ടെണ്ടുൽക്കർ എന്ന പേര് വരുമ്പോൾ, നമ്മുടെ പ്രതീക്ഷകൾ ഉയരുന്നത് സച്ചിനിലേക്കാണ്. നമ്മൾ അവനെ വെറുതെ വിടണം, അവന്റെ ക്രിക്കറ്റ് ആസ്വദിക്കാൻ അവനോട് പറയണം,” അദ്ദേഹം കൂട്ടിച്ചേർത്തു.