ജയിക്കാൻ പതിനെട്ടാം അടവ് 😱😱ദൈവ പുത്രൻ ഇറങ്ങുമോ : ഉത്തരം നൽകി കോച്ച്

ഐപിഎൽ 2022 സീസൺ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോൾ രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസിന് ഇനി നഷ്ടപ്പെടാനൊന്നുമില്ല. പ്ലേ-ഓഫ് സാധ്യതകൾ നേരത്തെ അവസാനിച്ചതിനാൽ, അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ, വരാനിരിക്കുന്ന ഗെയിമുകളിൽ ഭാവിയിൽ കണ്ണുവെച്ചുകൊണ്ട് അവരുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനായിരിക്കും തയ്യാറാകുക. യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധതയ്ക്ക് പേരുകേട്ടവരാണ് മുംബൈ ഇന്ത്യൻസ്.

വർഷങ്ങളായി തുടർച്ചയായി യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിന്റെ നേട്ടങ്ങൾ അവർ കൊയ്തിട്ടുമുണ്ട്. ഈ സീസണിൽ അവരുടെ മോശം പ്രകടനങ്ങൾക്കിടയിലും, മുംബൈ ഇന്ത്യൻസ് ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ എന്നിവരുൾപ്പെടെ ഭാവി വാഗ്ദാനങ്ങളായ യുവ പ്രതിഭകൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. വിവിധ മത്സരങ്ങളിൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനും ടീമിന് സംഭാവന നൽകാനും യുവതാരങ്ങൾക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ഇന്ന് (മെയ്‌ 6) നടക്കാനിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2022ലെ മുംബൈ ഇന്ത്യൻസിന്റെ പത്താം മത്സരത്തിന്റെ മുന്നോടിയായി നടന്ന മാധ്യമ സമ്മേളനത്തിനിടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, അർജുൻ ടെണ്ടുൽക്കറിന് ടീമിൽ അരങ്ങേറ്റം നൽകാനുള്ള സാധ്യതയെക്കുറിച്ചുള്ള തന്റെ ചിന്തകൾ ഹെഡ് കോച്ച് മഹേല ജയവർധനെ പങ്കുവെച്ചു. ഐപിഎൽ 2022 ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

“സ്ക്വാഡിലെ എല്ലാവരും പ്ലെയിങ് ഇലവൻ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുന്നത് മത്സരങ്ങൾ എങ്ങനെ ജയിക്കാമെന്നതിനെക്കുറിച്ചും ആ മത്സരത്തിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള പ്ലാനിംഗിന്റെ അടിസ്ഥാനത്തിലാണ്. അർജുൻ അവരിൽ ഒരാളാണെങ്കിൽ, തീർച്ചയായും ഞങ്ങൾ പരിഗണിക്കും. പക്ഷേ, ഇതെല്ലാം അതാത് മത്സരങ്ങൾക്ക് ഞങ്ങൾ തിരഞ്ഞെടുക്കുന്ന കോമ്പിനേഷനെ ആശ്രയിച്ചിരിക്കുന്നു,” മഹേല ജയവർധന പറഞ്ഞു.