ദൈവത്തിന്റെ മകനെ സ്വന്തമാക്കി മുംബൈ :സൂപ്പർ ട്വിസ്റ്റിൽ ഞെട്ടി ക്രിക്കറ്റ് ലോകം

ഐപിഎൽ 2022 മെഗാതാരലേലം അവസാനിക്കുമ്പോൾ, ലേല വേദി ചില നാടകീയ മുഹൂർത്തങ്ങൾക്ക് കൂടി സാക്ഷിയായി. ലേലത്തിന്റെ ആദ്യ ദിനം കുഴഞ്ഞുവീണ ഓക്ഷനർ ഹ്യൂഗ് എഡ്മിയഡ്സ് അവസാന റൗണ്ട് ലേലത്തിനായി വേദിയിൽ എത്തി. ഹ്യൂഗ് എഡ്മിയഡ്സിന്റെ അഭാവത്തിൽ ലേലം നിയന്ത്രിച്ചിരുന്ന ചാരു ശർമ്മ തന്നെയാണ് ഹ്യൂഗ് എഡ്മിയഡ്സിനെ അവസാന റൗണ്ട് ലേലത്തിനായി വേദിയിലേക്ക് ക്ഷണിച്ചത്.

വേദിയിലേക്ക് നടന്നു കയറിയ ഹ്യൂഗ് എഡ്മിയഡ്സ് എല്ലാവരും കയ്യടികളോടെ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹം തനിക്ക് നടന്ന നിർഭാഗ്യകരമായ സംഭവം ചുരുങ്ങിയ വാക്കുകളിൽ രസകരമായി പറയുകയും ചെയ്ത് വേദിയിൽ ചിരി പടർത്തി. തുടർന്ന് അവസാന റൗണ്ട് താരങ്ങളുടെ ലേലത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു..

ശ്രീലങ്കൻ ഓൾറൗണ്ടർ വാനിഡു ഹസരംഗയുടെ ലേലം നടക്കുന്നതിനിടയിലാണ് ഹ്യൂഗ് എഡ്മിയഡ്സ്‌ ശാരീരിക ആസ്വസ്ഥകൾ കാണിച്ച് വേദിയിൽ കുഴഞ്ഞുവീണത്. എഡ്മിയഡ്സിന്റെ മടങ്ങി വരവിൽ ലേലത്തിനെടുത്ത ആദ്യ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻടുൽക്കർ ആയിരുന്നു.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മുംബൈ ഫാസ്റ്റ് ബൗളറെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും അർജുൻ മുംബൈയുടെ ഭാഗമായിരുന്നെങ്കിലും ഐപിഎല്ലിൽ ഇതുവരെ താരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിട്ടില്ല. ഈ സീസണിൽ ബുംറ, ജോഫ്ര ആർച്ചർ, അൽസാരി ജോസഫ്, ബേസിൽ തമ്പി എന്നിവർ നയിക്കുന്ന മുംബൈ പേസ് യൂണിറ്റിന്റെ ഭാഗമാണ് അർജുൻ.