ഒന്നര വർഷത്തിന് ശേഷം ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് തിരിച്ചെത്തി;ആർച്ചർ : ബുംറ ജോഡി വരുന്നു!! എതിരാളികൾക്ക് പേടി

ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. ഒന്നര വർഷത്തിനുശേഷം ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ തന്നെയാണ് ഇംഗ്ലണ്ട് സ്ക്വാഡിലെ ആകർഷണം. 2021 മാർച്ചിന് ശേഷം ഇത് ആദ്യമായിയാണ് ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിനായി കളിക്കാൻ ഒരുങ്ങുന്നത്. ഏറ്റവും ഒടുവിൽ, 2021-ൽ ഇന്ത്യയിൽ നടന്ന ടി20 പരമ്പരയിലാണ് ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനായി കളിച്ചത്.

2019-ൽ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് ജേതാക്കൾ ആയപ്പോൾ, ആ ടൂർണമെന്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ ആണ് ജോഫ്ര ആർച്ചർ. കൈമുട്ടിന് പരിക്കേറ്റ ആർച്ചർ ശസ്ത്രക്രിയക്ക് വിധേയനാവുകയും, തുടർന്ന് വിശ്രമത്തിലും ആയിരുന്നു. ശേഷം, കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി ജോഫ്ര ആർച്ചർ കളിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, പരിശീലനത്തിനിടെ ആർച്ചർക്ക് വീണ്ടും പരിക്കേൽക്കുകയായിരുന്നു. ഇപ്പോൾ പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായിയാണ് പേസർ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്കായി പ്രഖ്യാപിച്ച 14 അംഗ ഇംഗ്ലണ്ട് ടീമിലേക്ക്, ഹാരി ബ്രൂക്കിന് ആദ്യ ഏകദിന കോൾ അപ്പ് ലഭിച്ചു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെൻ ഡക്കറ്റ്, 2016 ന് ശേഷം ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പരിക്കിൽ നിന്ന് മുക്തനായ ഫാസ്റ്റ് ബൗളർ റീസ് ടോപ്ലെയും ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഡാവിഡ് മലൻ, ജെയ്സൺ റോയ്, ഫിൽ സാൾട്ട്, ക്രിസ് വോക്സ്, മോയീൻ അലി, ആദിൽ റാഷിദ്‌, സാം കറൻ തുടങ്ങിയ താരങ്ങൾ എല്ലാം ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം, പരിക്കിൽ നിന്ന് ഇതുവരെ മുക്തി നേടാത്ത ജോണി ബെയർസ്റ്റോയെ പരമ്പരക്ക് പരിഗണിച്ചില്ല. ജനുവരി 27ന് ആരംഭിക്കുന്ന ഏകദിന പരമ്പര ഫെബ്രുവരി 1ന് അവസാനിക്കും.

Rate this post