ബുംറക്കൊപ്പം അർച്ചർ തീ 😱ലേലത്തിൽ സൂപ്പർ ഹിറ്റായി മുംബൈ ഇന്ത്യൻസ്

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ എട്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ആവേശം നിറഞ്ഞ ലേലത്തിൽ ജോഫ്ര ആർച്ചറുടെ സേവനത്തിനായി രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ആണ് കൂടുതൽ താൽപ്പര്യം കാണിച്ചത്. ആർച്ചർക്കായുള്ള ലേലത്തിൽ നിന്ന് രാജസ്ഥാൻ പിന്മാറിയെങ്കിലും, സൺറൈസേഴ്സ് ഹൈദരാബാദ് കൂടെ ലേലത്തിൽ പങ്കെടുത്തതോടെ, ഇംഗ്ലണ്ട് പേസറുടെ വില ഉയരുകയായിരുന്നു.

ലേലത്തിൽ ഇതുവരെ യുവ പേസർമാരായ മലയാളി താരം ബേസിൽ തമ്പിയേയും, സീനിയർ താരം ജയദേവ് ഉനദ്ക്കട്ടിനെയും സ്വന്തമാക്കിയിരുന്ന മുംബൈ ആർച്ചറെ സ്വന്തമാക്കും എന്ന് ഉറപ്പിച്ചായിരുന്നു ലേലത്തിൽ മുന്നോട്ട് പോയത്. അതോടെ ആർച്ചർക്കായുള്ള പോരാട്ടത്തിൽ അവസാന ചിരി മുംബൈ ഇന്ത്യൻസിന്റേതായി. ഇതോടെ, ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയ്ക്കൊപ്പം ജോഫ്ര ആർച്ചർ കൂടെ ചേരുമ്പോൾ ശക്തമായ പേസ് യൂണിറ്റ് ആണ് മുംബൈയുടെ നേട്ടം.

കഴിഞ്ഞ സീസണിലും മികച്ച പേസ് യൂണിറ്റ് ഉണ്ടായിരുന്ന മുംബൈക്ക്, ഈ സീസണിൽ ട്രെന്റ് ബോൾട്ട്, കോൾട്ടർനൈൽ എന്നിവരെ നഷ്ടമായിരുന്നു. ഇതിന് പകരമാണ് ജോഫ്ര ആർച്ചറേയും, ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസനെയും മുംബൈ സ്വന്തമാക്കിയത്. ഇതോടെ, ജസ്‌പ്രീത് ബുംറ, ജോഫ്ര ആർച്ചർ, മാർക്കോ ജാൻസൻ, ബേസിൽ തമ്പി, ജയദേവ് ഉനദ്ക്കട്ട് എന്നിവർ അണിനിരക്കുന്ന കരുത്തുറ്റ പേസ് യൂണിറ്റ് ആണ് മുംബൈക്ക് വേണ്ടി അടുത്ത സീസണിൽ കാലത്തിലിറങ്ങുക എന്ന് ഉറപ്പായി.

എന്നാൽ, ആർച്ചറിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ലഭ്യതയാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ട് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നതിനാൽ. പരിക്ക് മൂലം കഴിഞ്ഞ ഐപിഎൽ സീസൺ നഷ്ടമായ ആർച്ചർ, ഏറെ കാലമായി ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താണ്.