മുംബൈ ഇന്ത്യൻസിനെ അടിച്ചുപരത്തി യുവതാരം ; ആരാണ് അനുജ് റാവത്?

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടി ആർസിബിയുടെ യുവ ഓപ്പണർ ബാറ്റർ അനുജ് റാവത്. ജസ്‌പ്രീത് ബുംറ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ വമ്പൻ ബൗളിംഗ് നിരക്കെതിരെ തകർത്തടിച്ച റാവത്, 47 പന്തിൽ 2 ഫോറും 6 സിക്സും സഹിതം 66 റൺസാണ് നേടിയത്. ഒടുവിൽ ഒരു ഡയറക്റ്റ് ഹിറ്റിൽ കുടുങ്ങി റൺഔട്ട്‌ ആയിയാണ്‌ യുവ താരം പുറത്തായത്.

ബെംഗളൂരുവിൽ നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അൺക്യാപ്പ്ഡ് വിക്കറ്റ് കീപ്പർ ബാറ്ററായ അനൂജ് റാവത്തിനെ 3.40 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ സ്വന്തമാക്കിയത്. 1999 ഒക്ടോബർ 17 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാവത്ത് 2017-18 രഞ്ജി ട്രോഫിയിൽ 2017 ഒക്ടോബർ 6 ന് ഡൽഹിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2018-19 ഫെബ്രുവരി 21 ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി ട്വന്റി 20 അരങ്ങേറ്റവും കുറിച്ചു.

2020 ഐപിഎൽ ലേലത്തിൽ, രാജസ്ഥാൻ റോയൽസ്‌ റാവത്തിനെ സ്വന്തമാക്കിയിരുന്നു. ഇടംകൈയ്യൻ ബാറ്റ്‌സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 40-ന് മുകളിൽ ശരാശരിയുണ്ട് എന്നത് ശ്രദ്ധേയമാണ്. റാവത്തിന് തന്റെ ഫിറ്റ്നസിൽ കാര്യമായി പ്രവർത്തിക്കുകയും ഷോട്ടുകളുടെ റേഞ്ച് വർദ്ധിപ്പിക്കുകയും ചെയ്താൽ, ഭാവിയിൽ അദ്ദേഹത്തിന് ദേശീയ ടീമിൽ ഇടം കണ്ടെത്താനാവും എന്നത് ഉറപ്പാണ്.

മത്സരത്തിലേക്ക് വന്നാൽ, മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസ് പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ 18 ഓവർ പിന്നിടുമ്പോൾ 144/2 എന്ന നിലയിലാണ്. ആർസിബിക്കായി കോഹ്‌ലി (48), റാവത് (66) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. മുംബൈ നിരയിൽ സൂര്യകുമാർ യാദവ് (68*) ആണ് തിളങ്ങിയത്.