ലഹങ്കയിൽ കിടിലൻ ലുക്കിൽ അനിഖയുടെ ഫോട്ടോ ഷൂട്ട്; ഇത് ഞങ്ങളുടെ രാജകുമാരി എന്ന് ആരാധക|Anikha Surendran Photoshoot

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൻറെ തന്നെ താരസുന്ദരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ . മലയാളത്തിലും തമിഴ് തെലുങ്ക് കന്നട തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ താരത്തിന് ഇന്ന് സിനിമ ലോകത്ത് ആരാധകർ ഏറെയാണ്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്നെ മമ്മൂട്ടി അജിത് നയൻതാര തുടങ്ങിയ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് അനിഖയുടെ കരിയറിലെ എടുത്തു പറയേണ്ട നേട്ടം.

2010 ലാണ് കഥ തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് അനിഖ സിനിമാ ലോകത്തേക്ക് കടന്നു വന്നത്.
തന്റെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ അനിഖയ്ക്ക് കഴിഞ്ഞു. 2013ൽ പുറത്തിറങ്ങിയ അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും അനിഖയെ തേടിയെത്തി. പിന്നീട് ഒട്ടനേകം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. തമിഴിൽ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.

ഇതുവരെ 17 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അനിഖ ഇപ്പോൾ താൻ ആദ്യമായി നായികാവേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൻറെ തിരക്കിലാണ്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ഓഹ് മൈ ഡാർലിങ് ആണ് അനിഖ നായികയായി എത്തുന്ന ചിത്രം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ദീപാവലി ദിനത്തിലും താരം പ്രിയപ്പെട്ട ആരാധകർക്കായി ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഓർഗാൻസ ലഹങ്കയിൽ ഒരു രാജകുമാരിയെ പോലെ സുന്ദരിയായ എത്തിയ അനിഖയുടെ ചിത്രങ്ങൾക്ക് താഴെ ഇത് ഞങ്ങളുടെ രാജകുമാരി തന്നെ എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.