അനിൽ കുംബ്ല വന്നപ്പോൾ കരിയർ നഷ്ടമായ കേരള താരം 😱ലെഗ് സ്പിൻ മാന്ത്രികതയിൽ നിന്നും അമ്പയങ്ങിലേക്ക്

2021 മാർച്ച്‌ 12, ഇന്ത്യ – ഇംഗ്ലണ്ട് ടി20 മത്സരം, കമന്ററി ബോക്സിൽ സുനിൽ ഗവാസ്കർ ഉൾപ്പടെയുള്ള കമന്റേറ്റർമാർ, അമ്പയറുടെ പേര് കണ്ട് ഗവാസ്കർ ഒരു നിമിഷം സ്തംഭിച്ചു, അത് മറ്റൊന്നും കൊണ്ടല്ല, ആ പേര് ഉച്ചരിക്കാൻ ഗവാസ്‌കർ ഒന്ന് ബുദ്ധിമുട്ടി, എന്നാൽ, മലയാളികൾക്ക് ആ പേര് കേൾക്കുമ്പോൾ അഭിമാനമാണ്, കേരളത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച സ്പിന്നർമാരിൽ, മുൻ കേരള ക്യാപ്റ്റൻ, ഇന്ന് ഐസിസിയുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെട്ട അമ്പയർ, കെഎൻ അനന്തപത്മനാഭൻ.

1988-ൽ കേരള ടീമിന് വേണ്ടി അരങ്ങേറ്റം, പിന്നെ തന്റെ ലെഗ് ബ്രേക്ക് കൊണ്ടും ഗൂഗ്ലി കൊണ്ടും എതിരാളികളെ കറക്കി വീഴ്ത്തിയ മാന്ത്രിക സ്പിന്നർ എന്ന ലേബലിലേക്കുള്ള നടന്നുകയറ്റം. എതിരാളികളുടെ വിക്കറ്റുകൾ പിഴുതെറിയുന്നതിനൊപ്പം, ടീമിന് ആവശ്യമുള്ള സമയത്ത് ബാറ്റ് കൊണ്ടും ശ്രദ്ധേയ പ്രകടനം നടത്താൻ കെൽപ്പുള്ള താരം. ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പടെ മൂന്ന് സെഞ്ച്വറികൾ ആഭ്യന്തര ക്രിക്കറ്റിൽ അനന്തപത്മനാഭന്റെ പേരിലുണ്ട്.

കേരളത്തിനായി നേടിയ ഏറ്റവും ഉയർന്ന സ്കോർ 200, ഏറ്റവും മികച്ച ബൗളിംഗ് സ്പെൽ 8/57. ഇത്രയൊക്കെ ധാരാളമാണ് കെഎൻ അനന്തപത്മനാഭൻ എന്ന കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി ക്യാപ്റ്റനെ പരിചയപ്പെടുത്താൻ. സൗത്ത് സോണിന് വേണ്ടിയും ഇന്ത്യ എ ടീമിന് വേണ്ടിയും കളിച്ച അനന്തപത്മനാഭന് ഇന്ത്യയുടെ നീല ജേഴ്സി അണിയാൻ ഭാഗ്യം ലഭിച്ചില്ല. അതിന് അനന്തപത്മനാഭന് മുന്നിൽ വിലങ്ങു തടിയായത് സാക്ഷാൽ അനിൽ കുംബ്ലെ. കുംബ്ലെ ഇന്ത്യൻ ടീമിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു, അനന്തപത്മനാഭൻ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്നത്. ഇരുവരും തമ്മിലുള്ള മത്സരത്തിൽ അനന്തപത്മനാഭൻ അതഭാഗ്യവാനായി തരം താഴ്ത്തപ്പെട്ടു.

എങ്കിലും, കേരള ടീമിനായി 105 മത്സരങ്ങളിൽ 344 വിക്കറ്റും 2,891 റൺസും നേടിയ, ആഭ്യന്തര ക്രിക്കറ്റിൽ ഉദിച്ചുയർന്ന് ആഭ്യന്തര ക്രിക്കറ്റിൽ തന്നെ അസ്തമിച്ചു പോയ കേരളത്തിന്റെ സ്വന്തം അനന്തേട്ടൻ ഇന്നും ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയത്തിലുണ്ട്. ഒടുവിൽ, 2004-ൽ ക്രിക്കറ്റ്‌ കരിയറിനോട് വിട പറഞ്ഞ അനന്തപത്മനാഭൻ, പിന്നീട്, 2008-ൽ അമ്പയറുടെ വേഷത്തിലെത്തി. ആഭ്യന്തര മത്സരങ്ങളും ഐപിഎല്ലും മാത്രം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന അനന്തപത്മനാഭനെ 2020-ൽ ഐസിസി അന്താരാഷ്ട്ര പാനലിൽ ഉൾപ്പെടിത്തി. ഇന്ന്, 30 വർഷങ്ങൾക്ക് മുൻപ് തന്നെ തഴഞ്ഞ ദേശീയ ടീമിന്റെ മത്സരങ്ങൾ, തന്റെ വിരലുകളിൽ നിയന്ത്രിക്കുകയാണ് ആ 52-കാരൻ.