കാലം തെറ്റി ജനിച്ച ഇതിഹാസം 😱👍🏽സച്ചിന് ഒപ്പം വേറെ ലെവലിൽ എത്തേണ്ട താരം :പക്ഷേ കരിയറിൽ സംഭവിച്ചത് ട്വിസ്റ്റ് | Volleylive | Indian Cricket Team

പോസ്റ്റ് തയ്യാറാക്കിയത് : Pranav Thekkedath;ഹാരിസ് ഷീൽഡ് ടൂർണമെന്റിലെ സെമിഫൈനൽ അരങ്ങേറുകയാണ്,ശാരദാശ്രമ വിദ്യാലയത്തിന്റെ രണ്ടു വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു, ആ സാഹചര്യത്തിലാണ് അത്ഭുത ഗുണങ്ങളടങ്ങിയ ആ ബാലൻ തന്റെ ഉറ്റമിത്രമായ കാംബ്‌ളിക്ക് കൂട്ടായി ആ ഇരുപത്തി രണ്ടു യാർഡിലേക്ക് നടന്നടുക്കുന്നത്, പിന്നീട് നടന്നത് ചരിത്രമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഓരോ മുഖങ്ങൾക്കും പരിചിതമായ ചരിത്രം.

എന്നാൽ ആ രണ്ടു കുരുന്നുകളുടെ അസാമാന്യ പ്രകടനം ആഘോഷമാക്കുന്നതിനിടെ പലരും ഓർത്തെടുക്കാൻ പരാജയപ്പെടുന്നൊരു നാമമുണ്ട്.ആ ദിനം ആദ്യ വിക്കറ്റ് വീണതു മുതൽ ഒരു പതിമൂന്നുവയസ്സുകാരൻ അമോൽ മുസുംമ്ദാർ തന്റെ ഊഴത്തിന് വേണ്ടി പാഡണിഞ്ഞു കാത്തിരിക്കുന്നുണ്ടായിരുന്നു സച്ചിനും കാംബ്ലിയും റൺമല തീർക്കുന്നത് വീക്ഷിക്കാൻ വിധിക്കപെട്ട ആ ദിനം മുതൽ അയാൾ പലരുടേയും നിഴലിൽ ഒതുങ്ങുകയായിരുന്നുചെറുപ്പം മുതലേ കഴിവുള്ളവർ എന്ന് മുദ്രകുത്ത പെട്ടവരായിരുന്നു സച്ചിനും കാംബ്ലിയും, അവരുടെ ചെറുപ്രായത്തിൽ തന്നെ അവരെ ആസ്വദിക്കാൻ ആ മൈതാനങ്ങളിൽ ആളുകൾ കൂടിയിരുന്നു, മുംബയിലെ ലോക്കൽ ട്രെയിനുകളിലും, തെരുവുകളിലും ഉദിച്ചുയരാൻ പോവുന്ന ആ മുഖങ്ങളെ കുറിച്ചുള്ള ചർച്ചകൾ പതിവായിരുന്നു, മാധ്യമങ്ങളും പുകഴ്ത്തി പാടുമായിരുന്നു അതെ അത്രക്കായിരുന്നു അവരുടെ കഴിവുകൾ, അവരെയൊക്കെ ശരി വച്ചു സച്ചിൻ വളർന്നു പന്തലിച്ചപ്പോൾ, തന്റെ നൈസർഗികമായ കഴിവുകളോട് നീതിപുലർത്താനാവാതെ കാംബ്ളിക്ക് കരിയർ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു അപ്പോഴും സമാധാനിക്കാൻ ആദ്ദേഹത്തിനൊരു കരിയറുണ്ടായിരുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ ടെസ്റ്റ്‌ ക്രിക്കറ്റിലെ 54 എന്ന ആവറേജും.

നമുക്കാ നിര്ഭാഗ്യവനിലേക്ക് വരാം ക്രിക്കറ്റ്‌ ബുക്കിലെ എല്ലാ ഷോട്ടുകൾ കൊണ്ടും സമ്പന്നനായിരുന്നു മുസുംദാർ,ക്രിക്കറ്റ്‌ വിദഗ്ധരെ അമ്പരിപ്പിക്കുന്ന ടെക്‌നിക്കും,ടെമ്പറമെന്റും അയാളിൽ നിറഞ്ഞു നിന്നിരുന്നു ആ റെക്കോർഡ് പാർട്ണർഷിപ് ഒരു കാഴ്ചക്കാരനെ പോൽ നോക്കിക്കണ്ട ആ നിമിഷത്തിന് ശേഷം അഞ്ചു വര്ഷങ്ങള്ക്കകലെ അയാൾ ആ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹരിശ്രീ കുറിക്കുകയുണ്ടായി. അരങ്ങേറ്റത്തിൽ തന്നെ ഇരട്ട സെഞ്ചുറിയുമായി റൻസിനോടുള്ള അയാളുടെ അടങ്ങാത്ത ദാഹം അയാൾ വ്യക്തമാക്കിയപ്പോൾ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ അരങ്ങേറ്റക്കാരന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും അയാൾ ആ കാലങ്ങളിൽ സ്വന്തമാക്കി. മുംബൈ ക്രിക്കറ്റ്‌ ലോകം അടുത്ത സൂപ്പർസ്റ്റാറിന്റെ ഉദയം സ്വപ്നം കണ്ടു,സച്ചിനും കാംബ്ലിക്കുമൊപ്പം ആ ജനത അയാളെയും പ്രതിഷ്ഠിച്ചു അയാൾ ഡൊമസ്റ്റിക് സർക്യൂട്ടിൽ റൺ മലകൾ തീർത്തു മുന്നേറിയപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്കയാൾ ഉപനായകനായി പ്രതിഷ്ഠിക്കപ്പെട്ടു.

മികച്ച പ്രകടനങ്ങൾ തുടർകഥയായി മാറ്റിയപ്പോൾ ഇന്ത്യൻ A ടീമിലേക്കും ആ നാമമെത്തി, അവിടെ ആ മുംബൈക്കാരനെ സ്വീകരിച്ചത് കരിയർ അവസാനിച്ചപ്പോൾ ഇതിഹാസങ്ങൾ എന്ന നാമം അനശ്വരമാക്കിയ ദ്രാവിഡ്, ലക്ഷ്മൺ, ഗാംഗുലി എന്ന ത്രിമൂർത്തികളായിരുന്നു. കരിയറിന്റെ അന്ത്യതോടടുക്കുകയായിരുന്ന കുറച്ചു പഴയ മുഖങ്ങൾക്ക് പകരക്കാരായി ഇന്ത്യൻ സെലെക്ടർസ് പുതിയ കഴിവുകളെ തേടി അലയുന്ന കാലമായതിനാൽ മുസുംദാർ എന്ന ബ്രില്ലിയൻറ് ടെക്‌നിക്കിൽ അവർ ആകൃഷ്ടരായി, ആ കാലയളവിലായിരുന്നു ഇന്ത്യൻ അണ്ടർ 19 സംഘം ഇംഗ്ലണ്ടിലേക്കുള്ള പര്യടനം പ്ലാൻ ചെയ്തെത് അവരുറപ്പിച്ചു ഈ പര്യടനത്തിൽ നമുക്ക് കണ്ടെത്തണം ചില ബാറ്റിംഗ് പകരക്കാരെയെന്നു, മൂന്നു ടെസ്റ്റുകളടങ്ങിയ ആ പരമ്പര ഇംഗ്ലീഷുകാർ തൂത്തുവാരിയപ്പോൾ, അത് മുസുംദാർ മറക്കാനാഗ്രഹിക്കുന്ന ടെസ്റ്റ്‌ സീരീസായി മാറി, ഏകദിന സീരീസിൽ മികച്ച പ്രകടനങ്ങളുമായി അയാൾ തിരിച്ചു വന്നപ്പോൾ, രണ്ടു ഫോര്മാറ്റിലും ഒരേ മികവ് പ്രകടിപ്പിച്ച ദ്രാവിഡിനെ സെലെക്ടർസ് അവരുടെ റഡാറിൽ ഇട്ടു, അതിനുശേഷം 1996ലെ ദുലീപ് ട്രോഫിയിൽ അയാൾ റണ്ണുകൾ വാരി കൂട്ടിയപ്പോഴും മുൻപന്തിയിൽ ദ്രാവിഡും ലക്ഷ്മണനും നിവർന്നു നിന്നിരുന്നു, പക്ഷെ ഗാംഗുലിയേക്കാൾ കൂടുതൽ റൺസുകൾ സ്വരുക്കൂട്ടി മൂന്നാമത്തെ ഉയർന്ന റൺസ്കോറർ പദവി അയാൾ സ്വന്തം പേരിലാക്കി, അവിടെയും ഭാഗ്യം അദ്ദേഹത്തിനെ കടാക്ഷിച്ചില്ല, ദ്രാവിഡിനും ലക്ഷ്മണിനും ഒപ്പം ഗാംഗുലിയെ സെലെക്ടർസ് തിരഞ്ഞെടുത്തപ്പോൾ, ഗാംഗുലിയേക്കാൾ കൂടുതൽ റൺസ് നേടിയ ആ മുംബൈക്കാരൻ വിധിയെ പഴിച്ചു ആഭ്യന്തര ക്രിക്കറ്റിലേക്ക് നടന്നു നീങ്ങി,തനിക്ക് കിട്ടിയ അവസരം അരങ്ങേറ്റത്തിലെ ശതകത്തിലൂടെ ഗാംഗുലി ആഘോഷമാക്കിയപ്പോൾ ഇന്ത്യൻ ആരാധകരും പരാതി പറഞ്ഞില്ല, പിന്നീടുള്ള കാലം ആ നാലു പേർ ഭരിക്കുകയായിരുന്നു ആ മധ്യനിര, അവരിൽ ഒരാൾ ഫോം ഔട്ട് ആവാതെ ആ ടീമിലേക്ക് ചേക്കേറാൻ മുസുംദാറിന് സാധിക്കില്ലായിരുന്നു സാധാരണ നാമങ്ങളിൽ നിന്നുമവർ ഫാബുലസ് ഫോർ എന്ന വിശേഷണം സ്വന്തമാക്കിയപ്പോൾ ആ മുംബൈക്കാരന്റെ കാത്തിരിപ്പും നീണ്ടു..

അയാളിൽ എല്ലാമുണ്ടായിരുന്നു കഴിവ്,ടെമ്പ്രമെന്റ്, ദൃഢനിശ്ചയം,സ്ഥിരത അങ്ങനെയെല്ലാം, ഒരിക്കലും മോശമായ ഓഫ്‌ ഫീൽഡ് സ്വഭാവങ്ങളോ, പരിക്കുകളോ അയാളെ നശിപ്പിച്ചിരുന്നില്ല,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അൻപതിനടുത്തു ശരാശരിയിൽ, മുപ്പതോളം ശതകങ്ങളെ കൂട്ടുപിടിച്ചു പതിനൊന്നായിരം റൺസിന് മുകളിൽ സ്വന്തമാക്കിയിട്ടും അയാളെ തേടി ഒരിക്കൽ പോലും ആ ദേശീയ കുപ്പായമെത്തിയില്ല, ഒരുപക്ഷെ മറ്റൊരു രാജ്യത്തു ജനിച്ചിരുന്നെങ്കിൽ അയാൾ പതിനായിരത്തിനു മുകളിൽ റൺസുകൾ സ്വന്തമാക്കുമായിരുന്നു, ആ രാജ്യത്തെ മികച്ചവനവുമായിരുന്നു,പക്ഷെ അയാൾ ജനിച്ച കാലഘട്ടം അദ്ദേഹത്തിന് വിനയായി, ജനിച്ച കാലഘട്ടം വിലങ്ങു തടിയായതിനെ തുടർന്നു എങ്ങുമെത്താതെ പോയ ഹത ഭാഗ്യനായി അയാൾ ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഉരുകി തീർന്നു.

Rate this post