റിഷഭ് പന്തിന്റെ വാക്ക് കേട്ട് പണിക്കിട്ടിയ മാമൻ ആര് 😱ഇന്ത്യൻ സൂപ്പർ താരത്തെ അറിയാം

ഡൽഹി ക്യാപിറ്റൽസ്‌ – രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങൾ ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ, റിഷഭ് പന്തിന്റെ വാക്കും കേട്ട് മൈതാനത്തിറിങ്ങി അമ്പയറോട് തർക്കിച്ച ആ വ്യക്തി ആരാണെന്ന് പലരും സാമൂഹ്യ മാധ്യമങ്ങളിൽ തിരക്കിയിറങ്ങി. ചിലർ അദ്ദേഹത്തെ പരിഹസിച്ച് ട്രോളുകൾ പ്രചരിപ്പിക്കാനും ആരംഭിച്ചു. എന്നാൽ, ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംരെക്ക് കൂടുതലാർക്കും അറിയാത്ത ഒരു ചരിത്രമുണ്ട്.

അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ ഒരു സെഞ്ച്വറി നേടുക എന്നത് ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണ്, അതും വിദേശ മണ്ണിൽ നേടാനാവുക എന്നത് ചുരുക്കം ചിലർക്ക് മാത്രം നേടാനായ അപൂർവ്വ നേട്ടമാണ്. 1992-93 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡർബനിൽ ഇന്ത്യൻ ബാറ്റർമാർക്ക് ദുഷ്‌കരമായ സാഹചര്യത്തിൽ ഡൊണാൾഡ്, പ്രിംഗിൾ, മക്മില്ലൻ എന്നിവരടങ്ങിയ ആക്രമണത്തിനെതിരെ ഒരു അരങ്ങേറ്റക്കാരൻ 103 റൺസ് നേടി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധ പിടിച്ചുപ്പറ്റി, ഈ നേട്ടം കൈവരിച്ച ചുരുക്കം കളിക്കാരിൽ ഒരാളാണ് പ്രവീൺ ആംരെ.

സച്ചിൻ ടെണ്ടുൽക്കറെയും വിനോദ് കാംബ്ലിയെയും പോലെയുള്ള താരങ്ങളെ പരിശീലിപ്പിച്ച കോച്ച് രമകാന്ത് അച്രേക്കറുടെ ശിക്ഷണത്തിൽ നിന്ന് വന്ന സ്റ്റൈലിഷ് വലംകൈൻ ബാറ്ററായ ആംരെയിൽ നിന്നുള്ള ആ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ അമ്പരപ്പിച്ചില്ല. എന്നാൽ, ആ പ്രകടനം പിന്നീടുള്ള കളികളിൽ ആവർത്തിക്കാൻ ആംരെ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ 2 വർഷംക്കൊണ്ട് അവസാനിച്ചു.

പിന്നീട്, പരിശീലകന്റെ വേഷമണിഞ്ഞ ആംരെ, 2012 അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ പരിശീലകനായി മാറി. ആഭ്യന്തര തലത്തിൽ മുംബൈ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനും, അന്താരാഷ്ട്ര തലത്തിൽ യുഎസ്എ നാഷണൽ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ച ആംരെ, പേർസണൽ ബാറ്റിംഗ് ട്രെയ്നർ എന്ന ആശയത്തിന്റെ ആദ്യകാല പ്രചാരകൻ കൂടിയാണ്. റോബിൻ ഉത്തപ്പ, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ തുടങ്ങി നിരവധി താരങ്ങൾ അവരുടെ പ്രതിസന്ധി കാലത്ത് ആംരെയുടെ ശിക്ഷണത്തിൽ പരിശീലിച്ചിട്ടുണ്ട്.