സഞ്ജു സാംസൺ – ഋഷഭ് പന്ത് – ഹർദിക് പാണ്ഡ്യ പുറത്തിരിക്കട്ടെ!! ലോകകപ്പ് ഇന്ത്യ ടീമിന് നിർദേശവുമായി അമ്പാട്ടി റായിഡു

ICC T20 World Cup Indian squad: ഐസിസി ടി20 ലോകകപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ തന്നെ, ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്. ഇതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി ആരാധകരും മുൻ താരങ്ങളും എല്ലാവരും അവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നത് തുടരുന്നു. ഇപ്പോൾ, മുൻ ഇന്ത്യൻ താരം 

അമ്പാട്ടി റായിഡു, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ഷോയിൽ ആണ് അമ്പാട്ടി റായിഡു തന്റെ അഭിപ്രായം പങ്കുവെച്ചത്. റായിഡു ബാറ്റർമാരായി തിരഞ്ഞെടുത്തിരിക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ, വെറ്ററൻ താരം വിരാട് കോഹ്ലി, ഐസിസി ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവ്, യുവ താരങ്ങളായ യശാവി ജയിസ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ് എന്നിവരെയാണ്. 

ഓൾറൗണ്ടർമാരായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളെയാണ് റായിഡു തെരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ താരം രവീന്ദ്ര ജഡേജ, ശിവം ഡ്യൂബെ എന്നിവരെയാണ് ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ ചർച്ചകളും ആശങ്കകളും നിലനിൽക്കുന്ന വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക്, ഋഷബ് പന്ത്, സഞ്ജു സാംസൺ എന്നിവരെ മറികടന്ന് വെറ്റെറൻ താരം ദിനേശ് കാർത്തിക്കിന്റെ പേരാണ് അമ്പാട്ടി റായിഡു നിർദ്ദേശിച്ചിരിക്കുന്നത്. 

കുദീപ് യാഥവ്, യുസ്വേന്ദ്ര ചഹൽ എന്നിവരെ സ്പിന്നർമാരായി ഉൾപ്പെടുത്തിയപ്പോൾ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്,  ഈ ഐപിഎൽ സീസണിലെ സെൻസേഷൻ ആയ മായങ്ക് യാദവ് എന്നിവരെ ഫാസ്റ്റ് ബൗളർമാരായും അമ്പാട്ടി റായിഡു തന്റെ സാധ്യത ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തി. പുരോഗമിക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അമ്പാട്ടി റായിഡു ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.