ഗോൾഡ് കാണാൻ പോകുന്ന പ്രേക്ഷകരോട് സംവിധായകൻ അൽഫോൺസ് പുത്രൻ “ഫസ്റ്റ് സീനിൽ തന്നെ കഥ തുടങ്ങും”

പ്രിത്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അൽഫോൺസ്‌ പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ എന്ന മലയാള ചിത്രം ഇന്ന് റിലീസിനെത്തുകയാണ്. നേരത്തെ സെപ്റ്റംബർ 2-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട് പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു കോമഡി ത്രില്ലർ ജോണറിൽ ആണ് അൽഫോൺസ് പുത്രൻ ‘ഗോൾഡ്’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അൽഫോൺസ് പുത്രൻ തന്നെയാണ് രചിച്ചിരിക്കുന്നത്.

പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിച്ച ചിത്രം, ഇന്ന് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, ‘ഗോൾഡ്’ തിയേറ്ററുകളിലേക്ക് കാണാൻ പോകുന്ന പ്രേക്ഷകർക്ക് സംവിധായകൻ അൽഫോൺസ് പുത്രൻ ചില മുന്നറിയിപ്പുകളും, തന്റെ പ്രതീക്ഷകളും പങ്കുവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ്, ചിത്രത്തിന്റെ റിലീസ് തീയതി ഇടയ്ക്കിടെ മാറ്റിയതിൽ ക്ഷമ ചോദിച്ചതിനൊപ്പം സംവിധായകൻ തന്റെ പ്രതീക്ഷയും പങ്കുവെച്ചത്.

“നേരവും പ്രേമവും പോലെ ഗോൾഡും ഇംപെർഫെക്ട് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങൾക്ക് ഗോൾഡ് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. കണ്ടതിനുശേഷം ഫ്രീയാണെങ്കിൽ ഇഷ്ടപെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്ബാക്ക് തുറന്നു പറയണേ. ഫസ്റ്റ് സീനിൽ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞു കുളമാക്കുന്നില്ല. വൈകിപ്പിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ബാക്കി നിങ്ങൾ കണ്ടിട്ട് പറ,” അൽഫോൺസ് പുത്രൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 

പ്രിത്വിരാജ്, നയൻ‌താര എന്നിവർക്ക് പുറമെ സുധീഷ്, ദീപ്തി സതി, ഇടവേള ബാബു, അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ശബരീഷ് വർമ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, ഷൈജു കുറുപ്പ്, ശാന്തി കൃഷ്ണ, സുരേഷ് കൃഷ്ണ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ആനന്ദ് സി ചന്ദ്രൻ, വിശ്വജിത് ഒടുക്കത്തിൽ എന്നിവർ ചേർന്ന് ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്.   

Rate this post