‘എലോൺ’ അവസാനവട്ട മിനുക്കുപണിയിൽ; വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ തന്റെ ഒറ്റയാൾ പ്രകടനം കൊണ്ട് നമ്മെ ത്രസിപ്പിക്കാൻ പോകുന്ന ‘എലോൺ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാജികൈലാസ്-മോഹൻലാൽ കൂട്ടുകെട്ട് പുലരാൻ പോവുന്നത്. അതുകൊണ്ട് തന്നെ ‘എലോണു’ മായി ബന്ധപ്പെട്ട എല്ലാ വാർത്തകളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തന്നെ പുതിയ വിശേഷങ്ങളുമായി വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് ഫോട്ടോ പങ്കുവെച്ച ഷാജികൈലാസ്, അവസാനവട്ട മിനുക്കുപണിയിലാണെന്നും കൂടെ കുറിക്കുന്നു. പ്രേക്ഷകരുടെ എല്ലാം സപ്പോർട്ടും അനുഗ്രഹവും വേണമെന്ന് അഭ്യർത്ഥിക്കുക കൂടി ചെയ്‌തിട്ടുണ്ട് അദ്ദേഹം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തറവാടായ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘എലോൺ’ നിർമ്മിക്കുന്നത്.തീയേറ്റർ റിലീസിന്റെ സാധ്യതകളെ തള്ളിക്കളയുന്ന തരം വാർത്തകൾ മുന്നേ അണിയറപ്രവർത്തകരിൽ നിന്നും വന്നിരുന്നു. അതുകൊണ്ടുതന്നെ ബിഗ്സ്‌ക്രീനിൽ ലാലേട്ടന്റെ ഒറ്റയാൾ പ്രകടനം നമുക്കും കാണാൻ പറ്റുമോ എന്നുള്ള ഒരു സംശയം നിലനിൽക്കുന്നുണ്ട്.

2009-ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം ‘റെഡ്ചില്ലീസ് ‘ നു ശേഷം മോഹൻലാൽ-ഷാജികൈലാസ് കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.പ്രശസ്ത എഴുത്തുകാരൻ രാജേഷ് ജയരാമനാണ് എലോണിനായി തിരക്കഥ ഒരുക്കുന്നത്. ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ ഷാജി കൈലാസ് ചിത്രങ്ങൾക്ക് ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. അഭിനന്ദൻ രാമനുജം ആണ് എലോണിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ഡോൺ മാക്സ് എഡിറ്റിങ്ങും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനിങ്ങും ചെയ്യുന്നു. സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ എന്നിവരാണ്. ലിജു പനംകോഡും ബിജീഷ് ബാലകൃഷ്ണനും കൂടെ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, സ്റ്റിൽസ് അനീഷ് ഉപാസന തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. മോൺസ്റ്റർ എന്ന മലയാള ചലച്ചിത്രമാണ് മോഹൻലാലിന്റെ റിലീസായ അവസാന ചിത്രം.