എവിടെടാ ഓടുന്നത് നിൽക്കെടാ അവിടെ 😱പാകിസ്ഥാൻ സൂപ്പർ ലീഗിൽ രസകരമായ സംഭവം അരങ്ങേറി

പാകിസ്ഥാൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുൾട്ടാൻ സുൽത്താൻസ്‌ – ക്വാട്ട ഗ്ലാഡിയേറ്റർസ്‌ മത്സരത്തിൽ, വിക്കറ്റ് ആഘോഷിക്കുന്നത്തിനിടെ മുൾട്ടാൻ ബൗളർ ഷാനവാസ് ദഹാനിയെ അമ്പയർ അലീം ദാർ പിടിച്ചു നിർത്താൻ ശ്രമിച്ചത് കാണികൾക്ക് വിചിത്ര കാഴ്ച്ചയായി. മത്സരത്തിൽ ദഹാനി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നൂർ അഹ്‌മദ്‌ (8), നസീം ഷാ (2) എന്നിവരുടെ വിക്കറ്റുകളാണ് ദഹാനി സ്വന്തമാക്കിയത്.

മത്സരത്തിന്റെ 14-ാം ഓവറിലെ ആദ്യ പന്തിൽ നൂർ അഹ്‌മദിനെ ക്ലീൻ ബൗൾഡ് ചെയ്ത ദഹാനി, അതിന് ശേഷം ഒരു ടേക്ക് ഓഫ് സെലിബ്രേഷൻ നടത്തി. ഒരു കൈ ഉയർത്തി, മുഖത്ത് ഒരു വലിയ പുഞ്ചിരിയുമായി ദഹാനി ക്വാട്ട ഗ്ലാഡിയേറ്റർസിന്റെ ഡഗൗട്ട് ലക്ഷ്യം വെച്ച് ഓടി. ഡഗൗട്ടിനടുത്തെത്തിയപ്പോൾ, വെസ്റ്റ് ഇൻഡീസ് ഇതിഹാസവും ഗ്ലാഡിയേറ്റർസ്‌ ഉപദേഷ്ടാവുമായ സർ വിവ് റിച്ചാർഡ്‌സിനെ കാണുകയും, അദ്ദേഹത്തിന് മുന്നിൽ ദഹാനി ഇരു കൈകളും കൂപ്പി തല കുനിച്ചു നിൽക്കുകയും ചെയ്തു.

ഒരു ചെറുപുഞ്ചിരിയോടെ കയ്യടിച്ചും, തംബ്‌സ് അപ്പ് നൽകിയും ബൗളറെ അഭിനന്ദിച്ചുകൊണ്ട് റിച്ചാർഡ്‌സ് പ്രതികരിച്ചു. മത്സരം വീക്ഷിച്ച ക്രിക്കറ്റ്‌ ആരാധകർക്ക് ഇതൊരു മനോഹര ദൃശ്യമായിരുന്നു. പിന്നീട്, അതേ ഓവറിലെ നാലാം പന്തിൽ നസീം ഷായെ ബൗൾഡാക്കി ദഹാനി ഒരിക്കൽക്കൂടി മുൻപ് ചെയ്ത അതെ സെലിബ്രേഷൻ അനുകരിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇത്തവണ കാര്യങ്ങൾ കൂടുതൽ രസകരവും വിചിത്രവുമായി കാണികൾക്ക് അനുഭവപ്പെട്ടു.

ടേക്ക് ഓഫ് സെലിബ്രേഷന് ഒരുങ്ങിയ ദഹാനിക്ക്‌ നേരെ, അമ്പയർ അലീം ദർ ചിരിച്ചു കൊണ്ട് ഓടി വന്ന് ദഹാനിയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, അമ്പയറുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ദഹാനി, തന്റെ സെലിബ്രേഷൻ തുടരുകയും പൂർത്തീകരിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.