ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയതിൽ വലിയ കാര്യമില്ല ; മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയത് വലിയ കാര്യമായി കണക്കാകാൻ ആകില്ല എന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. നെതർലൻഡ്സ്‌, സിംബാബ്‌വെ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി സെമി ഫൈനലിൽ എത്തുന്നത് വലിയ കാര്യമല്ല എന്ന് പറഞ്ഞ പാക്കിസ്ഥാൻ ഇതിഹാസം, ഒരു ടൂർണമെന്റിന്റെ സെമി ഫൈനലിൽ ആണ് യഥാർത്ഥത്തിൽ വലിയ ടീമുകൾ തമ്മിൽ മത്സരം ഉണ്ടാവുക എന്നും പറഞ്ഞു.

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് മുതൽ പ്രശ്നങ്ങൾ ആണെന്നും, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ടീം മാനേജ്മെന്റ് ഏറ്റെടുക്കണം എന്നും അക്തർ പറഞ്ഞു. “നെതർലൻഡ്സ്‌, സിംബാബ്‌വെ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി സെമി ഫൈനലിൽ എത്തുന്നത് വലിയ കാര്യമല്ല. ഒരു ടൂർണമെന്റിൽ സെമി ഫൈനൽ മുതലാണ് വലിയ മത്സരങ്ങൾ നടക്കുക. അവിടെ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണം. പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ ക്യാപ്റ്റനും പങ്കുണ്ട്,” അക്തർ പറഞ്ഞു.

“ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് മുതൽ പിഴവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദ്‌ ഷമിയെ ആദ്യം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല, പിന്നീട് ഉൾപ്പെടുത്തുകയും ചെയ്തു. ഷമി നല്ല ബൗളർ ആണ്, എന്നാൽ ടൂർണമെന്റിൽ വലിയ കാര്യമുണ്ടായില്ല. ഇന്ത്യക്ക് എക്സ്പ്രെസ് പേസർമാരില്ല. കളിയുടെ ഗതി മാറ്റാൻ സാധിക്കുന്ന സ്പിന്നർമാരും ഇല്ല,” അക്തർ പറഞ്ഞു. ഇന്ത്യൻ ബൗളർമാർ അവർക്ക് അനുയോജ്യമായ സാഹചര്യങ്ങളിൽ മാത്രമേ നന്നായി കളിക്കു എന്നും ഖത്തർ കുറ്റപ്പെടുത്തി.

“ഇന്ത്യൻ പേസർമാർ അവർക്ക് അനുയോജ്യമായ സാഹചര്യങ്ങളിൽ മാത്രമേ നല്ല രീതിയിൽ കളിക്കു. മോശം സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും വിധം ബൗൾ ചെയ്യുന്ന ബൗളർമാരെ ആണ് വേണ്ടത്. ലോകകപ്പിൽ പാകിസ്താനെതിരെ ഫൈനൽ മത്സരം കളിക്കാൻ ഇന്ത്യക്ക് അർഹത ഉണ്ടായിരുന്നില്ല,” ഷൊയ്ബ് അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ പത്ത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്.