കോഹ്ലിയാണോ രോഹിത്താണോ ബെസ്റ്റ് 😱ഉത്തരം നൽകി ഷോയിബ് അക്തർ

സജീവ ക്രിക്കറ്റിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന ബാറ്റർമാരാണ് രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. ഇരുവരുടെയും ആരാധകർ തമ്മിൽ, കോഹ്‌ലിയാണോ രോഹിത് ആണോ മികച്ച ബാറ്റർ എന്നതിനെക്കുറിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇരുവരും രണ്ട് വ്യത്യസ്ത രീതിയിലുള്ള ബാറ്റർമാർ ആണ് എന്നതുകൊണ്ടുതന്നെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇരുവരും പ്രിയപ്പെട്ടവരാണ്.

എന്നാൽ, പാക് ക്രിക്കറ്റ് ഇതിഹാസമായ ഷൊയ്ബ് അക്തർ, രോഹിത് ആണോ കോഹ്‌ലിയാണോ മികച്ച ബാറ്റർ എന്ന തർക്കത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ വിക്രാന്ത് ഗുപ്തയാണ് തന്നോട് അക്തർ ഇക്കാര്യം വെളിപ്പെടുത്തി എന്ന് ഒരു അഭിമുഖത്തിൽ രോഹിത് ശർമയോട് തന്നെ പറഞ്ഞത്. രോഹിത്തിന്റെ ബാറ്റിംഗ് ആണോ കോഹ്‌ലിയുടെ ബാറ്റിംഗ് ആണോ താങ്കൾക്ക് ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അക്തർ.

“കോഹ്‌ലി ഒരുപാട് മികച്ച ഷോട്ടുകൾ കളിക്കാറുണ്ട്. എന്നാൽ, ഓരോ ഷോട്ടും കളിക്കുന്നതിനായി കോഹ്‌ലി എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗ് രീതിയിൽ നിന്ന് വ്യക്തമാണ്. പക്ഷെ, രോഹിത്തിന്റെ ബാറ്റിംഗ് രീതി കണ്ടാൽ ഉറക്കത്തിൽ നിന്ന് ഉണർന്നുവന്ന് ബാറ്റ് ചെയ്യുന്നതുപോലെയാണ്. അതായത് അദ്ദേഹം അനായാസം ബൗളർമാരെ നേരിടുകയും വളരെ സിമ്പിൾ ആയി മനോഹരമായ ഷോട്ടുകൾ കളിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായി രോഹിത്തിന്റെ ബാറ്റിംഗ് ശൈലിയാണ് ഇഷ്ടം,” അക്തർ പറഞ്ഞു.

ഇക്കാര്യം വിക്രാന്ത് രോഹിത്തിനോട് പറഞ്ഞപ്പോൾ രോഹിത്തിന്റെ മറുപടി ചിരിച്ചു കൊണ്ടായിരുന്നു, “ഒരു സമയത്ത് ഞാൻ ഷോട്ട് സെലക്ഷനെ കുറിച്ചൊന്നും ബോധവാൻ അല്ലായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് സ്ഥിരത പുലർത്തേണ്ടതുണ്ട്, ടീമിൽ സ്ഥിരസാന്നിധ്യം അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാൻ വ്യക്തമായും എനിക്ക് ഏറ്റവും യോജിച്ച ഷോട്ടുകൾ മാത്രമാണ് കളിക്കാൻ തയ്യാറാകുന്നത്,” രോഹിത് പറഞ്ഞു.