സച്ചിൻ ആരാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു;അക്തർ

സച്ചിൻ തെണ്ടുൽക്കർ അടങ്ങിയ ഇന്ത്യൻ ടീമിനെ ആദ്യമായി നേരിടുന്ന സമയത്ത് ഇതിഹാസ താരത്തെ താൻ അറിയുകപോലും ഇല്ലായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ശോയെബ് അക്തർ. സഹതാരം ആയിരുന്ന സഖ്ലൈൻ മുഷ്താഖ് പറഞ്ഞിട്ടാണ് സച്ചിനെന്ന താരത്തെയും അദ്ദേഹത്തിന്റെ പ്രശസ്തിയും താൻ അറിയുന്നത്.

‘റാവൽപിണ്ടി എക്സ്പ്രസ്’ എന്ന വിളിപ്പേരുള്ള അക്തറിനാണ് രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ പന്ത് ഏറിഞ്ഞതിനുള്ള റെക്കോർഡ്(161.3 kph). താരം ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത് 1997 ലാണ്‌. അതിനും എത്രയോ വർഷങ്ങൾ മുന്നേ തന്നെ അരങ്ങേറ്റം കഴിഞ്ഞ സച്ചിൻ ലോക ക്രിക്കറ്റിൽ തന്റേതായ ഒരു പേര് സൃഷ്ടിച്ചിരുന്നു. ഇന്നും എക്കാലത്തെയും മികച്ച റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സച്ചിനാണ്.

എന്നാൽ അക്തർ സച്ചിനേകുറിച്ച്‌ അറിയാൻ ശ്രമിച്ചിട്ടില്ല എന്നാണ് പറയുന്നത്. തന്റെ ശ്രദ്ധ സ്വന്തം പ്രകടനത്തിൽ മാത്രമായിരുന്നു. പന്തെറിയുമ്പോൾ ഒരു ബാറ്റർ എന്ത് ചിന്തിക്കുന്നു, അടുത്തതായി എന്ത് പ്രവർത്തിക്കും എന്നത് മാത്രമാണ് താൻ ചിന്തിച്ചിരുന്നത്. ഒരു അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ പാക്കിസ്ഥാനെ എങ്ങനെ വിജയിപ്പിക്കാം എന്നുള്ള ലക്ഷ്യം മാത്രം ഉന്നമിട്ട് പന്തെറിയുകയായിരുന്നു. വളരെ വേഗത്തിൽ പന്തെറിഞ്ഞു ബാറ്റർമാരെ വെള്ളം കുടിപ്പിക്കാൻ നിരന്തരം ശ്രമിച്ചിരുന്നു എന്നും സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ അക്തർ വ്യക്തമാക്കി.

ഇരു താരങ്ങളും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആരാധകരുടെ ആവേശം വാനോളം ഉയരുമായിരുന്നു. മിക്കപ്പോഴും സച്ചിന് തന്നെയായിരുന്നു അക്തറിന് മേലുള്ള മുൻതൂക്കം. എങ്കിലും ചില അവസരങ്ങളിൽ തുടരെ ബൗൺസർ എറിഞ്ഞ് സച്ചിനെ അക്തർ പ്രകോപിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു പ്രസ്താവനയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അക്തർ പറഞ്ഞത് 2006 ഇന്ത്യ പാക്കിസ്ഥാൻ പരമ്പരയിൽ മനഃപൂർവം സച്ചിനെ പരുക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ പന്തെറിഞ്ഞിരുന്നുവെന്ന്. രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഇപ്പോൾ ഇന്ത്യ പാക്കിസ്ഥാൻ പരമ്പരകൾ നടക്കുന്നില്ല. ഐസിസി ടൂർണമെന്റുകളിൽ ഏറ്റുമുട്ടുന്നതല്ലാതെ 2013 നുശേഷം ഇതുവരെ ഒരു സീരീസ് പോലും ടീമുകൾ കളിച്ചിട്ടില്ല.