എനിക്കായി പ്രാർത്ഥിക്കൂ!! ആശുപത്രികിടക്കയിൽ അഭ്യർത്ഥനയുമായി പാക് മുൻ താരം

മുൻ പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തറിന് അദ്ദേഹത്തിന്റെ കരിയർ കാലഘട്ടം മുതൽ തന്നെ കാൽമുട്ടിന് പരിക്കുകൾ ഉണ്ടായിരുന്നു. കാൽമുട്ടിന് തുടർച്ചയായി പരിക്കുകൾ സംഭവിച്ചതിനാലാണ് അദ്ദേഹം വളരെ വേഗത്തിൽ തന്നെ തന്റെ കരിയർ അവസാനിപ്പിച്ചത്. ഇപ്പോൾ, ഓസ്ട്രേലിയയിലെ മെൽബണിൽ അദ്ദേഹം തന്റെ വലതുകാൽ കാൽമുട്ടിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്.

മെൽബണിലെ ആശുപത്രി കിടക്കയിൽ നിന്ന് തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കിട്ട ഒരു വികാരാധീനമായ വീഡിയോയിൽ, ഷോയ്ബ് അക്തർ തന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നതായി ആരാധകരെ അറിയിക്കുകയും, വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. 4-5 വർഷം കൂടി കളിച്ചിരുന്നെങ്കിൽ വീൽചെയറിൽ ജീവിതകാലം മുഴുവൻ കഴിയാമായിരുന്നതിനാൽ കാൽമുട്ടിന്റെ പ്രശ്‌നത്തെ തുടർന്നാണ് താൻ ഗെയിമിൽ നിന്ന് നേരത്തെ വിരമിച്ചതെന്ന് അക്തർ വീഡിയോയിൽ പറഞ്ഞു.

“എനിക്ക് നാലോ അഞ്ചോ വർഷം കൂടി കളിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ ഞാൻ വീൽചെയറിലാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ചത്, ഷൊയ്ബ് അക്തർ വീഡിയോയിൽ പറയുന്നു. മുമ്പ് അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയനായ ഷൊയ്ബ് അക്തർ, ഇത് തന്റെ അവസാന ശസ്ത്രക്രിയ ആയിരിക്കും എന്നും പ്രതീക്ഷിക്കുന്നു. “ഇപ്പോൾ എനിക്ക് വേദനയുണ്ട്. നിങ്ങളുടെ പ്രാർത്ഥന വേണം. ഇത് എന്റെ അവസാന ശസ്ത്രക്രിയയാണെന്ന് പ്രതീക്ഷിക്കുന്നു,” അക്തർ പറഞ്ഞു.

വാസ്തവത്തിൽ, താൻ പാക്കിസ്ഥാനുവേണ്ടി കളിച്ചതിനാൽ തന്റെ കരിയർ വിലമതിച്ചുവെന്നും ഷോയിബ് അക്തർ പറഞ്ഞു. “പാകിസ്ഥാന് വേണ്ടി കളിക്കാനായതിനാൽ ഇതെല്ലാം ഞാൻ വിലമതിക്കുന്നു. വേഗത്തിൽ പന്തെറിയുന്നതിന്റെ നേട്ടങ്ങൾക്കൊപ്പം സംഭവിക്കുന്നത് ഇതാണ്, എല്ലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാവും. പക്ഷേ എല്ലാം ശരിയാണ്, എന്നാൽ എനിക്ക് വീണ്ടും ബോൾ ചെയ്യേണ്ടിവന്നാൽ, ഞാൻ അത് ചെയ്യും,” ഫാസ്റ്റ് ബൗളർ പറഞ്ഞു.