അവൻ പാകിസ്ഥാനിലായിരുന്നെങ്കിൽ ഇപ്പോൾ അന്താരാഷ്ട്ര താരമായി മാറിയേനെ” ; ഇന്ത്യൻ ക്രിക്കറ്റിനെ അഭിനന്ദിച്ച് മുൻ പാകിസ്ഥാൻ താരം

സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിനെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിച്ചുക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മാത്രമല്ല, ജമ്മു കശ്മീർ പേസർ പാകിസ്ഥാനിലായിരുന്നെങ്കിൽ ഇപ്പോൾ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചിട്ടുണ്ടായിരിക്കും എന്നും കമ്രാൻ അക്മൽ പറഞ്ഞു.

ഉമ്രാൻ മാലിക് നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ്. 12 കളികളിൽ നിന്ന് 18 വിക്കറ്റുകൾ വീഴ്ത്തിയ ഉമ്രാൻ മാലിക്, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 7-ാം സ്ഥാനത്താണ്. 2008-ലെ ഐപിഎൽ ജേതാവായ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്ന അക്മൽ, മാലിക്കിന്റെ ഇക്കോണമി റേറ്റ് ഉയർന്നതാണ് എന്ന് സമ്മതിച്ചെങ്കിലും സ്ഥിരമായ മുന്നേറ്റങ്ങൾ നടത്താനുള്ള കഴിവ് കാരണം പേസർ ഒരു യഥാർത്ഥ സ്‌ട്രൈക്ക് ബൗളറാണെന്ന് കമ്രാൻ പരാമർശിച്ചു.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുന്ന അക്മൽ, വർഷങ്ങളായി ഗുണനിലവാരമുള്ള കുറച്ച് ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിച്ചുകൊണ്ട് ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയതിന് ഇന്ത്യൻ ക്രിക്കറ്റിനെ അഭിനന്ദിച്ചു. “ഉമ്രാൻ മാലിക് പാകിസ്ഥാനിലായിരുന്നെങ്കിൽ, ഒരുപക്ഷേ, അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് ഉയർന്നതാണ്, പക്ഷേ വിക്കറ്റുകൾ നേടുന്നതിനാൽ അദ്ദേഹം ഒരു സ്‌ട്രൈക്ക് ബൗളറാണ്,” അക്മൽ പാക്‌ടിവി ഡോട്ട് ടിവിയോട് പറഞ്ഞു.

“ഓരോ മത്സരത്തിന് ശേഷവും, അദ്ദേഹത്തിന്റെ സ്പീഡ് ചാർട്ട് ഉയരുന്നു. അവിടെ അദ്ദേഹം മണിക്കൂറിൽ 155 കിലോമീറ്റർ വേഗത കൈവരിക്കുന്നു, അത് കുറയുന്നില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീമിൽ പ്ലെയിങ് ഇലവനിനായി നല്ല മത്സരമാണ് നടക്കുന്നത്. നേരത്തെ, ഇന്ത്യൻ ക്രിക്കറ്റിന് നിലവാരമുള്ള ഫാസ്റ്റ് ബൗളർമാർ ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് നവദീപ് സൈനി, (മുഹമ്മദ്) സിറാജ്, (മുഹമ്മദ്) ഷമി, (ജസ്പ്രീത്) ബുംറ തുടങ്ങിയ പേസർമാരുടെ ബാഹുല്യമുണ്ട്,” കമ്രാൻ അക്മൽ പറഞ്ഞു.