ഒരു ടീമിന് ഏഴ് ക്യാപ്റ്റൻമാർ ഉണ്ടായാൽ ഇതുതന്നെയാകും സ്ഥിതി :രൂക്ഷ വിമർശനവുമായി മുൻ താരം

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻമാരുടെ എണ്ണം കൂടുതലാണെന്ന് പരിഹാസ രൂപേണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഒരു ടീമിന് ഒരു ക്യാപ്റ്റനെ പാടുള്ളുവെന്നും ഏഴ് ക്യാപ്റ്റന്മാരൊക്കെ ഉണ്ടായാൽ ഇങ്ങനെ ഒക്കെ തന്നെ സംഭവിക്കുമെന്നും ജഡേജ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വ്യത്യസ്ത ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ചിരുന്നു. രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകുന്ന വേളകളിലാണ് ടീം ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ചിരുന്നത്.

റിഷഭ് പന്ത്, ശിഖർ ധവാൻ, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ എന്നിങ്ങനെ വ്യത്യസ്ത ക്യാപ്റ്റന്മാരെ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. ഈ സമ്പ്രദായത്തെയാണ് മുൻ ഇന്ത്യൻ താരം വിമർശിക്കുന്നത്. ഒരു വർഷമെങ്കിലും തുടർച്ചയായുള്ള പരമ്പരകളിൽ ടീമിനെ നയിച്ചാൽ മാത്രമേ ക്യാപ്റ്റൻസിയിൽ പരിചയസമ്പത്ത് കൈവരിക്കാൻ ആകു എന്നും ജഡേജ പറഞ്ഞു. താൻ പുതിയ കാര്യങ്ങൾ അല്ല പറയുന്നു എന്നും, പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് എന്നും ജഡേജ പറഞ്ഞു.

“ഞാൻ പറയുന്ന കാര്യങ്ങൾ രോഹിത്തിന് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഞാൻ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയല്ല, പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ്. ഒരു ടീമിന് ഒരു ക്യാപ്റ്റൻ ഉണ്ടാകുന്നതാണ് നല്ലത്, ഏഴ് ക്യാപ്റ്റൻമാരൊക്കെ ഉണ്ടായാൽ ഇപ്പോൾ ഉണ്ടായതായിരിക്കും ഫലം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടന്ന ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ നിരവധി ക്യാപ്റ്റൻമാരെ പരീക്ഷിച്ചു. ഇത് ശരിയായ രീതിയായി എനിക്ക് തോന്നുന്നില്ല,” അജയ് ജഡേജ ക്രിക്ബസിനോട് പറഞ്ഞു .

“ഒരു വർഷമെങ്കിലും തുടർച്ചയായ പരമ്പരകളിൽ ഒരാൾ ക്യാപ്റ്റൻ ആയിരിക്കണം. എന്നാൽ വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ പരിശീലകൻ പോലും ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുന്നില്ല. ഇത് തെറ്റായ ഒരു പ്രവണതയാണ്. ക്യാപ്റ്റനായ രോഹിത് ശർമ തുടർച്ചയായ പരമ്പരകളിൽ വിശ്രമം എടുക്കുന്നത് അത്ര ശരിയായ കാര്യമായി എനിക്ക് തോന്നുന്നില്ല,” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വ്യക്തമാക്കി .