ഇന്ത്യൻ ടീമിൽ ഇപ്പോൾ എന്താണ് ശിഖർ ധവാന്റെ റോൾ? രോഹിത് ശർമയുടെ ടീമിൽ ധവാന് ഇടമില്ല എന്ന് ജഡേജ

ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശർമയുടെ അഭാവത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുരോഗമിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ നായക സ്ഥാനം കൈകാര്യം ചെയ്യുന്നത് വെറ്റെറൻ ഓപ്പണർ ശിഖർ ധവാൻ ആണ്. ഒന്നാം ഏകദിന മത്സരം അവസാനിക്കുമ്പോൾ, മത്സരത്തിൽ 97 റൺസെടുത്ത ധവാൻ, താൻ ഇപ്പോഴും കാര്യക്ഷമതയുള്ള ബാറ്റർ ആണെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

എന്നാൽ, ഇന്ത്യൻ ടീമിൽ ഇപ്പോൾ എന്താണ് ശിഖർ ധവാന്റെ റോൾ എന്നാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ ചോദിക്കുന്നത്. നേരത്തെ ഇന്ത്യയുടെ പ്രധാന ഓപ്പണർ ആയിരുന്ന ധവാനെ, പതിയെ ടെസ്റ്റ് ഫോർമാറ്റിൽ നിന്നും, പിന്നീട് ലിമിറ്റഡ് ഫോർമാറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും ഇടയ്ക്കിടെ ഏകദിന ഫോർമാറ്റുകളിൽ ധവാൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് അജയ് ജഡേജ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

“ഇന്ത്യൻ ടീമിൽ ഇപ്പോൾ ധവാന്റെ റോൾ എന്താണ്? എന്തുകൊണ്ടാണ് ധവാനെ വെസ്റ്റ് ഇൻഡീസിനെതിരെ ക്യാപ്റ്റനാക്കിയത്. ഇന്ത്യ ഒരുതലക്കൽ കെഎൽ രാഹുലിനെ പോലുള്ള യുവനിരയെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, 6 മാസക്കാലം കളിയിൽ നിന്ന് പുറത്തിരുത്തിയ ധവാനെ പിന്നീട് എന്തിനാണ് ടീമിലേക്ക് കൊണ്ടുവന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അജയ് ജഡേജ പറയുന്നു.

“ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ധവാൻ വിട്ടുനിൽക്കുകയായിരുന്നു. ‘പിന്നീട്’ , ശ്രീലങ്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി ധവാനെ ടീം തിരഞ്ഞെടുത്തു. ശേഷം വീണ്ടും ധവാൻ ടീമിന് പുറത്ത്. കെഎൽ രാഹുലും, ഇഷാൻ കിഷനുമെല്ലാം ഭാവിയിൽ അവസരത്തിനായി കാത്തിരിക്കുമ്പോൾ, വീണ്ടും വീണ്ടും ശിഖർ ധവാന് അവസരം നൽകുന്നത് ശരിയല്ല. മാത്രമല്ല, രോഹിത്തിന്റെ ആഗ്രസ്സീവ് കളി ശൈലിക്ക് ധവാൻ യോജിക്കില്ല,” അജയ് ജഡേജ പറഞ്ഞു