മുംബൈ ഇന്ത്യൻസിന് മാത്രം ഹോം ആനുകൂല്യമോ!! ബിസിസിഐക്ക്‌ മുന്നിൽ എതിർപ്പ് ബോധിപ്പിച്ച് മറ്റു ഫ്രാഞ്ചൈസികൾ

ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ മാർച്ച് അവസാന വാരം മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. 2019-ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഐപിഎൽ സമ്പൂർണ്ണ എഡിഷൻ നടക്കുന്നത്. എന്നാൽ, കോവിഡ്-19 ഭീഷണിയെത്തുടർന്ന്, ഹോം എവേ മത്സരരീതി മാറ്റി ലീഗ് ഘട്ടത്തിലെ ഭൂരിഭാഗം മത്സരങ്ങളും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലും ബാക്കി പൂനെയിലും നടത്താൻ ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നു.

തൽഫലമായി, മറ്റ് ഫ്രാഞ്ചൈസികൾ മുംബൈ ഇന്ത്യൻസിന് ഹോം മത്സരങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന ആശങ്ക ഉന്നയിച്ച് ബിസിസിഐയോട് ശബ്ദം ഉയർത്തി. ടൂർണമെന്റിന്റെ കഴിഞ്ഞ സീസണിൽ, നിരവധി ക്യാമ്പുകളിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ടൂർണമെന്റ് നിർത്തിവയ്ക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസികൾ ന്യൂട്രൽ വേദികളിൽ ലീഗ് ഘട്ട മത്സരങ്ങൾ കളിച്ചതിനാൽ ഒരു ടീമിനും ഹോം നേട്ടമുണ്ടായിരുന്നില്ല. അതുപോലെ ഇത്തവണയും ന്യൂട്രൽ വേദി അടിസ്ഥാനമാക്കി മുംബൈ ഇന്ത്യൻസിനെ വാങ്കഡെയിൽ കളിപ്പിക്കരുത് എന്നാണ് മറ്റു ഫ്രാഞ്ചൈസികളുടെ ആവശ്യം.

വാങ്കഡെ സ്റ്റേഡിയം ഒഴികെയുള്ള മറ്റൊരു ഗ്രൗണ്ടിലും മുംബൈ ഇന്ത്യൻസിന്റെ മത്സരം സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐയെ അറിയിച്ചതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ടൂർണമെന്റിന്റെ മുഴുവൻ ഫിക്സചർ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈക്ക്‌ ഹോം മത്സരങ്ങൾ അനുവദിക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം.

“മറ്റ് ടീമുകൾക്കൊന്നും ഹോം മത്സരങ്ങൾ ലഭിക്കുന്നില്ല. വർഷങ്ങളായി അവരുടെ (മുംബൈ) ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ, മുംബൈ കളിക്കുകയാണെങ്കിൽ അത് അന്യായമായിരിക്കും. ഫ്രാഞ്ചൈസികൾ ഈ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും പൂനെയിലും മുംബൈ ഇന്ത്യൻസ് കളിക്കുന്നതിൽ ഫ്രാഞ്ചൈസികൾക്ക് ഒരു പ്രശ്നവുമില്ല. ബ്രാബോൺ സ്റ്റേഡിയത്തിലും അവർക്ക് കളിക്കാം. ബിസിസിഐ ഇക്കാര്യം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഒരു ഫ്രാഞ്ചൈസി വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.