ഇനിയും ഫോമിൽ അല്ലേൽ നിങ്ങൾ മൈതാനത്തിന് പുറത്ത് പോവേണ്ടി വരും ; വിരാട് കോഹ്ലിക്ക് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം

ഈ വർഷം ആദ്യം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യ 1-2 ന് പരമ്പര തോറ്റതിന് തൊട്ടുപിന്നാലെ കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം, 33 കാരനായ കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു, തുടർന്ന് വൈറ്റ്-ബോൾ ഫോർമാറ്റുകൾക്ക് ഒരു ക്യാപ്റ്റൻ മതിയെന്ന് സെലക്ടർമാർ തീരുമാനിച്ചതിനെ തുടർന്ന് ഏകദിന നായകസ്ഥാനത്ത് നിന്ന് കോഹ്‌ലി നീക്കംചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു ബാറ്ററുടെ റോളിൽ മാത്രമാണ് കോഹ്‌ലി കളിക്കുന്നത്.

എന്നാൽ, കോഹ്‌ലി ഇപ്പോൾ മികച്ച നിലയിലല്ലെന്നും, അദ്ദേഹം തുടർന്നും ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടാൽ അത് ടീം ഇന്ത്യക്ക് നല്ലതായിരിക്കില്ലെന്നും മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ പറഞ്ഞു. “എല്ലാത്തിനും അവസാനം, നിങ്ങളുടെ ടീം വിജയിക്കുമ്പോൾ മാത്രമേ നിങ്ങളുടെ പ്രകടനങ്ങൾക്ക് മൂല്യം ഉണ്ടാകു, എന്നാൽ, നിങ്ങൾ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങൾ എത്ര മികച്ച കളിക്കാരനാണെങ്കിലും, നിങ്ങൾ മൈതാനത്തിന് പുറത്ത് പോവേണ്ടി വരും. ആ മനോഭാവത്തിൽ കളിക്കളത്തിൽ കളിക്കുന്നത് ആസ്വാദ്യകരമല്ല,” സ്റ്റാർ സ്‌പോർട്‌സിന്റെ ‘ഗെയിം പ്ലാൻ’ ഷോയിൽ അഗാർക്കർ പറഞ്ഞു.

“വിരാട് കോഹ്‌ലി ഒരു പ്രധാന ഘടകമാണ്, കാരണം അവൻ ഏത് തരത്തിലുള്ള കളിക്കാരനാണ് എന്ന് നമ്മൾക്കറിയാം, എന്നാൽ ഇപ്പോൾ അവൻ തന്റെ ഏറ്റവും മികച്ച ഫോമിലല്ല, ഇത് ഒരു വസ്തുതയാണ്, വേഗത്തിൽ അവൻ തന്റെ ഫോം കണ്ടെത്തുന്നത് ഇന്ത്യൻ ടീമിനും നല്ലതായിരിക്കും, അത് രോഹിത് ശർമ്മയ്ക്കും കാര്യങ്ങൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായകമാകും,” അഗാർക്കർ പറയുന്നു.

“ഇപ്പോൾ, വിരാട് കോഹ്‌ലിയുടെ ഫോം ഒരു ആശങ്കയാണ്, പക്ഷേ അവൻ ഇതിന് മുമ്പ് എങ്ങനെ തിരിച്ചുവന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ അധികം വൈകാതെ തന്നെ അദ്ദേഹം തന്റെ ഫോം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആകാശ് ചോപ്രയുമായി നടന്ന സംഭാഷണത്തിൽ മുൻ ഇന്ത്യൻ പേസർ കൂട്ടിച്ചേർത്തു.