ഇന്ത്യ വിചാരിക്കുന്നത് പോലെയാണ് കാര്യങ്ങൾ നടക്കുക!!കടുത്ത വിമർശനവുമായി അഫ്രീഡി

ക്രിക്കറ്റിൽ ഇന്ത്യ പറയുന്ന നിലപാട് മാത്രമേ നടക്കുന്നുള്ളുവെന്ന അഭിപ്രായവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ്‌ താരം ഷഹിദ് ആഫ്രിദി. ഐപിഎൽ രണ്ടര മാസമായി നടക്കുമ്പോൾ ആ സമയത്ത് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും ഐസിസി നടത്തുന്നില്ല. ഇതുകൊണ്ട് എല്ലാ രാജ്യങ്ങളിലെ താരങ്ങൾക്കും ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാകും ഈ സാഹചര്യത്തിലാണ് അഫ്രീദി തന്റെ അഭിപ്രായവുമായി മുന്നോട്ട് വന്നത്.

രാഷ്ട്രീയ പ്രശ്നങ്ങളാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരങ്ങൾ നടക്കാറില്ല. അതുകൊണ്ട് തന്നെ പാകിസ്ഥാൻ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാൻ അനുവദിക്കാറില്ല. ഇതുമൂലം ഐപിഎല്‍ സമയങ്ങളിൽ രാജ്യാന്തരമത്സരങ്ങൾ ഇല്ലാത്തതുകൊണ്ട് പാക് താരങ്ങൾക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാൻ കഴിയുന്നില്ലയെന്നും അഫ്രീദി വ്യക്തമാക്കി.

അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിന് രണ്ടരമാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷായ് ഐസിസിയെ സമീപിച്ചിരുന്നു. ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമിൽ ഇത് ഉൾപെടുത്തണം എന്നായിരുന്നു ബിസിസിഐ ഉന്നയിച്ച ആവശ്യം. ഇതിനു പിന്നാലെയാണ് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി തന്റെ അഭിപ്രായം ഉന്നയിച്ചു രംഗത്ത്‌ വന്നത്. ഐപിഎല്ലിന് മാത്രമായി ബിസിസിഐ കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങൾ ആ സമയങ്ങളിൽ നഷ്ടമാകുന്നു എന്ന് അഫ്രീദി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്ലിന്‍റെ ടെലിവിഷന്‍ സംപ്രേഷണാവകാശം ബിസിസിഐ റെക്കോര്‍ഡ് തുകക്ക് സ്റ്റാര്‍ സ്പോര്‍ട്സ് 23,575 കോടി രൂപക്കും ഡിജിറ്റല്‍ അവകാശം റിലയന്‍സിന് കീഴിലുള്ള വയാകോമിന് 23,758 കോടി രൂപക്കും നൽകിയിരുന്നു. ഇന്ന് ക്രിക്കറ്റിൽ പണവും സ്വാധീനവും ആണ് എല്ലാം തീരുമാനിക്കുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അതുകൊണ്ട് ഇന്ത്യ എന്ത് പറയുന്നുവോ അതേ ക്രിക്കറ്റിൽ നടക്കൂവെന്നും അഫ്രീദി കൂട്ടിചേർത്തു.