ടി :20 ലോകക്കപ്പ് ഇന്ത്യക്ക് തന്നെ ഉറപ്പിക്കാം!! വമ്പൻ പ്രവചനവുമായി മുൻ താരം

ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടാനുള്ള ഫേവറിറ്റുകളിലൊന്ന് ഇന്ത്യൻ ടീം ആണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റിയിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് ഷാഹിദ് അഫ്രീദി ട്വിറ്ററിൽ രേഖപ്പെടുത്തുകയായിരുന്നു. 2022 ലെ ഐസിസി ട്വന്റി ട്വന്റി ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2021-ൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീം ഫേവറിറ്റുകളായിരുന്നെങ്കിലും പാക്കിസ്ഥാനെതിരെയും ന്യൂസിലൻഡിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങേണ്ടിവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2021 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

ഈ സീസണിലെ ഐപിഎല്ലിന് ശേഷം രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകി റിഷബ് പന്തിനെ ക്യാപ്റ്റൻ ആക്കുകയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി ട്വന്റി പരമ്പര കളിക്കുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി തുടർച്ചയായി രണ്ട് വിജയങ്ങൾ നേടി. പരമ്പരയിലെ അവസാന മത്സരം മഴമൂലം ഒഴിവാക്കിയതോടെ പരമ്പര 2-2 സമനിലയിൽ അവസാനിച്ചു. പിന്നീട് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി ട്വന്റി പരമ്പരയിൽ അയർലണ്ടിനെ 2-0 ത്തിന് പരാജയപ്പെടുത്തി.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 റൺസിനും രണ്ടാം മത്സരത്തിൽ 49 റൺസിനും വിജയിച്ചുകൊണ്ട് 2-0 ത്തിന് മുന്നിട്ടുനിൽക്കുകയാണ് ഇന്ത്യ. ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു പരമ്പര വിജയിക്കാൻ അവർക്ക് അർഹതയുണ്ട്. ഇന്ത്യയുടെ ബൌളിംഗ് പ്രകടനം മികച്ചതായിരുന്നു. അവർ തീർച്ചയായും ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ ഫേവറിറ്റുകളിലൊന്ന് ആണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.